ഭുവനേശ്വർ; സംസ്ഥാനത്ത് ആനകൾ കൂട്ടമായി ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. 50 ഓളം ആനകളുടെ അസ്വഭാവിക മരണത്തെ തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
ആനകളുടെ അസ്വാഭാവിക മരണം തടയാൻ ഗജ സതീശ് അംഗങ്ങളേയും ധ്രുത കർമ സേനയേയും വിന്യസിക്കുന്നതുൾപ്പടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്നും എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രദ്ധയും ആത്മാർത്ഥതയും ആവശ്യമാണെന്നും വനം മന്ത്രി ഗണേഷ് റാം സിങ്ഖുന്റിയ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വനം-പരിസ്ഥിതി സെക്രട്ടറി സത്യബ്രത ഷാവിന് അയച്ച കത്തിൽ മന്ത്രി മുന്നറിയിപ്പ് നൽകി.ആനകളുടെ സംരക്ഷണത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിൽ ആനകൾ ചെരിഞ്ഞ സംഭവങ്ങൾ വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒഡീഷ നടത്തിയ ഈ വർഷത്തെ ആന സെൻസസിൽ ആനകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ പുറത്തുവിട്ട ആന സെൻസസ് റിപ്പോർട്ട് അനുസരിച്ച് ഒഡീഷയിലെ 38 ഫോറസ്റ്റ് ഡിവിഷനുകളിലായി 2098 ആനകളുണ്ട്. 2017 ലെ സർവേയിൽ 1976 എണ്ണമാണുണ്ടായിരുന്നത്. ലോകമെമ്പാടും ആനകളുടെ എണ്ണത്തിൽ കുറവ് വരുമ്പോൾ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയിലെ ആനകളുടെ കണക്കെടുത്താൽ 38 വർഷത്തിനിടെ(19792017) 122% ആണ് ആനകളുടെ വർദ്ധന.
Discussion about this post