ബംഗളൂരുവില്‍ താമസമാക്കിയ ഇതര ഭാഷക്കാരായ ആളുകളെ കന്നഡഭാഷ പഠിപ്പിക്കാന്‍ ട്രാഫിക് പോലീസും. നഗരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കാന്‍ വേണ്ട സംഭാഷണങ്ങള്‍ ഓട്ടോറിക്ഷയില്‍ പോസ്റ്ററില്‍ പതിപ്പിച്ച് പ്രദര്‍ശിപ്പിച്ചാണ് ട്രാഫിക് പോലീസ് ഭാഷാസേവനം നടത്തുന്നത്.
കന്നഡയില്‍ പറയേണ്ട അത്യാവശ്യ സംഭാഷണങ്ങള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയാണ് പ്രദര്‍ശിപ്പിക്കുന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന 5,000 ഓട്ടോറിക്ഷകളില്‍ ഈ പോസ്റ്റര്‍ പതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കന്നഡ രാജ്യോത്സവ ദിനത്തിലാണ് ഇത്തരത്തിലുള്ള നീക്കത്തിന് തുടക്കം കുറിച്ചത്.
‘കന്നഡ കലിസി, കന്നഡ ബളസി'(കന്നഡ പഠിക്കൂ, കന്നഡ സംസാരിക്കൂ) എന്ന പേരിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ലേണ്‍ കന്നഡ വിത്ത് ഓട്ടോ കന്നഡിഗ എന്നാണ് തലവാചകം. ഓട്ടോ റിക്ഷയില്‍ കയറിയയാള്‍ ചോദിക്കുന്ന ചോദ്യങ്ങളും ഡ്രൈവര്‍ നല്‍കുന്ന ഉത്തരങ്ങളും ഈ പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.
‘നമസ്‌കാര'(നമസ്‌കാരം) എന്നു തുടങ്ങുന്ന സംഭാഷണം ഓട്ടോ റിക്ഷയുടെ വേഗം കൂട്ടാനും കുറയ്ക്കാനും കന്നഡയില്‍ പറയുന്നതും നിര്‍ത്താന്‍ പറയുന്നതും യാത്രയ്ക്ക് എത്ര രൂപയായെന്നും ചില്ലറയുണ്ടോയെന്നും യു.പി.ഐ. വഴി പണം കൈമാറാമോയെന്നും ചോദിക്കുന്നതു വരെ ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓട്ടോറിക്ഷയില്‍ കയറുന്നതിനുമുമ്പ് ഓണ്‍ലൈന്‍ വഴി ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തന്നതിനുള്ള ഫോണ്‍ സംഭാഷണവും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്.
Discussion about this post