ന്യൂഡൽഹി; കാനഡയിൽ ഹിന്ദുക്ഷേത്രപരിസരത്ത് ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കനേഡിയൻ പ്രവിശ്യയായ ഒന്ററിയോയിലെ ബ്രാപ്ടണിലെ ഹിന്ദുക്ഷേത്രത്തിലുണ്ടായ ആക്രമണം അപലപനീയമാണെന്ന് ഇന്ത്യ കാനഡയെ അറിയിച്ചു. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും മതിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജസ്റ്റിൻ ട്രൂഡോ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
എല്ലാ ആരാധനാലയങ്ങളും ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കാനഡ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. ആ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ”അഗാധമായ ഉത്കണ്ഠ” ഉണ്ടെന്നും ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ നൽകുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, അക്രമം എന്നിവ ഉണ്ടാകരുതെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ഇതിന് പിന്നിൽ. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കനേഡിയൻ പാർലമന്റംഗംം ചന്ദ്ര ആര്യ സംഭവത്തെ അപലപിച്ചിരുന്നു.
Discussion about this post