എറണാകുളം : പൊതുസ്ഥലങ്ങളിൽ വെച്ച് അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമല്ല എന്ന വിധിയുമായി കേരള ഹൈക്കോടതി. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കരുത് എന്നും ഹൈക്കോടതി അറിയിക്കുന്നു. വീടിനു മുമ്പിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോ അനുമതിയില്ലാതെ എടുക്കുകയും അശ്ലീല ആംഗ്യവിക്ഷേപങ്ങൾ കാണിക്കുകയും ചെയ്തു എന്ന കേസിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
നോർത്ത് പറവൂർ സ്വദേശിക്കെതിരെ കേസിൽ ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിക്കെതിരായി പരാതിയിലുള്ള കുറ്റങ്ങൾ കോടതി ഭാഗികമായി റദ്ദാക്കി. ചിത്രം എടുത്തത് കുറ്റകരമല്ല എന്നാണ് കോടതിയുടെ നിലപാട്. എന്നാൽ പ്രതി കാണിച്ച ആംഗ്യവിക്ഷേപങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതായതിനാൽ പ്രോസിക്യൂഷൻ നടപടികൾ തുടരാം എന്നും ഹൈക്കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു.
പൊതുസ്ഥലങ്ങളിലോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലങ്ങളിലോ വെച്ച് സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമായി കാണാൻ ആവില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ പൊതുസ്ഥലം ആണെങ്കിൽ പോലും സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യപ്രവർത്തിയുടെയോ ചിത്രം എടുക്കുന്നത് കുറ്റകരമാണ് എന്നും കോടതി വ്യക്തമാക്കി.
Discussion about this post