ന്യൂയോര്‍ക്ക്:തങ്ങളുടെ 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ലോകം വളരെ നിർണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, ലോകക്രമം തന്നെ മാറ്റത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ ആരാകും അമേരിക്കൻ പ്രസിഡന്റ് എന്നത് അതി നിർണായകമാണ്.
പല കാരണങ്ങൾ കൊണ്ടും സമാനതകളില്ലാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഒരു അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിക്കെതിരെ രണ്ടു തവണ വധ ശ്രമം ഉണ്ടായത് ഇത്തവണയാണ്. മാത്രമല്ല അനവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർത്ഥിത്വം തന്നെ തുലാസ്സിലായിരിന്നു.
ഡെമോക്രാറ്റുകളുടെ കാര്യമെടുക്കുകയാണെങ്കിൽ, ആരാണ് പ്രസിഡന്റ് സ്ഥാനാര്ഥിയെന്ന് പോലും വളരെ വൈകിയാണ് തീരുമാനിക്കപ്പെട്ടത്. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജോ ബൈഡൻ അവസാന നിമിഷം വരെ സ്ഥാനാർത്ഥിത്വത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു. അതെ സമയം അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ്, ഇന്ത്യൻ വംശജയായ കറുത്ത വർഗ്ഗക്കാരിയായ ഒരു വനിത മത്സരിക്കുന്നത്.
അത് കൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് ജയിച്ചാലും, കമലാ ഹാരിസ് ജയിച്ചാലും ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കാണ് നടന്നു കയറുന്നത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണ് എന്ന റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും, അവസാന നിമിഷം വരെ എന്തും സംഭവിക്കാം.
ഇന്ത്യൻ സമയം വൈകിട്ട് ഇന്ന് 5.30നും 7.30നും (പ്രാദേശിക സമയം രാവിലെ 7നും 9നും) ഇടയിൽ പോളിംഗ് ആരംഭിക്കും. ഇന്ത്യൻ സമയം നാളെ രാവിലെ 5.30നും 9.30നും ഇടയിൽ പോളിംഗ് അവസാനിക്കും. ആകെ 24.4 കോടി വോട്ടർമാരിൽ 7 കോടി പേർ നേരത്തെയുള്ള വോട്ടിംഗിൽ സമ്മതിദാനം രേഖപ്പെടുത്തിയിരുന്നു.
വോട്ടടുപ്പ് കഴിഞ്ഞ് ആദ്യ മണിക്കൂറിൽ ഫലം വന്നുതുടങ്ങും. അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30ന് പുറത്തുവരും
Discussion about this post