കണ്ണൂർ: എഡിഎം കെ നവീൻബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിലുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. ജാമ്യഹർജിക്കെതിരെ നവീൻബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് ഹർജി പരിഗണിക്കുന്നത്.
എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയതെന്നും ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതെ സമയം നവീൻബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുള്ള കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. എന്നാൽ കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. നവീൻ ബാബുവുമായി ഒരു മാനസിക ബന്ധവും ഇല്ലാതിരുന്ന ആളാണ് കളക്ടറെന്നും,ആത്മഹത്യയിൽ കളക്ടർക്കും പങ്കുണ്ടെന്നുമായിരിന്നു കുടുംബത്തിന്റെ ആരോപണം. നവീൻ ബാബുവിന് സ്വദേശത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടും കളക്ടർ മനഃപൂർവ്വം തടഞ്ഞു വച്ചിരുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ കുടുംബം കളക്ടറെ അനുവദിച്ചിരുന്നില്ല.
Discussion about this post