ഭോപ്പാൽ : സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന മധ്യപ്രദേശ് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ ഭാഗമായുള്ള എല്ലാ വകുപ്പുകളിലും തീരുമാനം ബാധകമായിരിക്കും.
വനിതാ സംവരണം വർദ്ധിപ്പിച്ചതോടൊപ്പം തന്നെ നിരവധി സുപ്രധാന തീരുമാനങ്ങളും മധ്യപ്രദേശ് സർക്കാർ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിൽ എടുത്തിട്ടുണ്ട്. മെഡിക്കൽ കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള പ്രായപരിധി പത്തുവർഷം വർധിപ്പിക്കണമെന്ന നിർദേശവും മന്ത്രിസഭായോഗം അംഗീകരിച്ചു. ഇപ്പോൾ 40 വയസ്സിന് പകരം 50 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിലെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
സംസ്ഥാനത്ത് വളം വിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 254 ക്യാഷ് സെയിൽസ് സെൻ്ററുകൾ തുറക്കാനും ഇന്ന് ഭോപ്പാലിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി . ഇത് കൂടാതെ സരണിയിലെ സത്പുര തെർമൽ പവർ സ്റ്റേഷൻ്റെ പഴയ 4 യൂണിറ്റുകൾക്ക് പകരം 660 മെഗാവാട്ട് ശേഷിയുള്ള പുതിയ പവർ പ്ലാൻ്റ് സ്ഥാപിക്കാനും അനുമതി നൽകി.
Discussion about this post