ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ സ്ഥിതി ഗുരുതരം. വായുവിന്റെ നിലവാരം മോശമായതിനെ തുടർന്ന് നഗരം പുകമയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി വായുവിന്റെ ഗുണനിലവാരത്തിൽ പുരോഗതിയില്ലെന്നാണ് റിപ്പോർട്ടുകൾ.
വായു ഗുണനിലവാര സൂചികയിൽ ഡൽഹിയിലെ വായുവിന്റെ നിലവാരം 373 ആണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ നടത്തിയ പരിശോധനയിൽ ആണ് ഈ നില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ഇത് 381 ഉം, 382ഉം ആയിരുന്നു.
ഡൽഹിയിലെ എട്ട് നഗരങ്ങളിൽ വായു മലിനീകരണം അതിരൂക്ഷമാണ്. ആനന്ദ് വിഹാർ, അശോക് വിഹാർ, ബവാന, മുണ്ട്ക , ന്യൂ മോട്ടി നഗർ, ജഹാംഗിർപുരി, വാസിർപൂർ, വിവേക് വിഹാർ എന്നിവിടങ്ങളിലാണ് വായുമലിനീകരണം അതിരൂക്ഷമായത്. പലഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. വായുഗുണനിലവാര സൂചികയിൽ പൂജ്യത്തിനും 50 ഇടയിൽ രേഖപ്പെടുത്തുന്ന നിലവാരം ആണ് നല്ലതായി കാണുന്നത്.
വിളവെടുപ്പ് പൂർത്തിയായതിന് പിന്നാലെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈക്കോലിന് കർഷകർ തീയിടുകയാണ്. ഇതാണ് ഡൽഹിയിൽ വായുവിന്റെ നില മോശമാക്കുന്നത്. ഇതിൽ പഞ്ചാബിലാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. വൈക്കോൽ കത്തിയ്ക്കുന്ന 263 സംഭവങ്ങളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. ഹരിയാനയിൽ 13 സംഭവങ്ങളും ഉത്തർപ്രദേശിൽ 84 സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post