ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ വാഹനമാണ് അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര ഥാർ റോക്‌സ്. ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത വാഹനത്തിന് 12.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രാരംഭ വില. മഹീന്ദ്ര ഥാറിന്റെ പുതുതലമുറ മോഡൽ പുറത്തിറങ്ങി നാല് വർഷങ്ങൾക്കിപ്പുറമാണ് ഥാറിന്റെ അഞ്ച് ഡോർ പതിപ്പായ ഥാർ റോക്‌സ് കമ്പനി അവതരിപ്പിച്ചത്. പെട്രോൾ-ഡീസൽ എൻജിനുകളിൽ എട്ട് വേരിയന്റുകളിലാണ് വാഹനം എത്തിയത്. ഈ അഞ്ച് ഡോർ എസ്യുവിക്ക് ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ 1.76 ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചു. ഇതിന് തുടർച്ചയായി ബുക്കിംഗ് ലഭിക്കുന്നുണ്ട്. പുതിയ ഥാർ കൃത്യസമയത്ത് ഡെലിവർ ചെയ്യുമെന്ന് മാത്രമാണ് മഹീന്ദ്ര പറയുന്നത്. എന്നാൽ ഡെലിവറിക്കായി ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് യാഥാർത്ഥ്യമത്രേ.
ഇന്ത്യയിലുടനീളം ഥാർ റോക്‌സിന്റെ AX5, AX7 L, MX5 വേരിയന്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗം യൂണിറ്റുകളും അതിന്റെ മാനുവൽ ഗിയർബോക്സിനൊപ്പം ലഭ്യമാണ്. ചില ഉപഭോക്താക്കൾക്ക് ഈ വേരിയന്റുകൾക്കായി 2024 അവസാനം മുതൽ 2025 ആദ്യം വരെയുള്ള ഒരു താൽക്കാലിക ഡെലിവറി ടൈംലൈൻ ലഭിക്കുന്നു. ഐവറി ഇന്റീരിയറുകളുള്ള ഥാർ റോക്‌സിൻറെ 4WD തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് അടുത്ത വർഷം (2025) ആദ്യം മുതൽ പകുതി വരെ ഡെലിവറി ടൈംലൈനും ലഭിച്ചു. റോക്‌സ് 4WD ഓപ്ഷൻ തിരഞ്ഞെടുത്തവർക്കും 2WD വേരിയന്റിന്റെ മുൻനിര മോഡൽ ബുക്ക് ചെയ്തവർക്കും 2025 പകുതി മുതൽ 2026 മെയ് വരെ ഡെലിവറി ലഭിക്കും. എന്നാൽ മഹീന്ദ്ര ഥാർ റോക്സിന്റെ ചില വകഭേദങ്ങൾക്ക് 18 മാസം വരെ കാത്തിരിക്കണം.
അതേസമയം പുതിയ മോഡലിൽ ആറ് സ്ലോട്ടുകളായാണ് ഗ്രില്ല് നൽകിയിട്ടുള്ളത്. സി ഷേപ്പിലുള്ള ഡി.ആർ.എല്ലിനൊപ്പം സ്‌ക്വയർ പ്രൊജക്ഷൻ ഹെഡ്ലാമ്പും നൽകുന്നു. രണ്ടും എൽ.ഇ.ഡിയിലാണ് തീർത്തിരിക്കുന്നത്. മാസീവ് ലുക്കിൽ ഡ്യുവൽ ടോൺ നിറത്തിലാണ് ബമ്പർ. താരതമ്യേന വലിപ്പം കുറഞ്ഞ ഇന്റിക്കേറ്ററാണ് മുന്നിൽ നൽകിയിട്ടുള്ളത്. പുതുതലമുറ വാഹനങ്ങൾക്ക് സമാനമായി 10.25 ഇഞ്ച് വലിപ്പത്തിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഒരുക്കിയാണ് റോക്സ് എത്തിയിരിക്കുന്നത്. ലെതർ അവരണം നൽകി ഒരുക്കിയിട്ടുള്ള ഡാഷ്ബോർഡ് ഇന്റീരിയറിനെ പ്രീമിയമാക്കുന്നുണ്ട്. പുതുമയുള്ള സ്റ്റിയറിങ്ങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 65 വോൾട്ട് സി ടൈപ്പ് ചാർജിങ്ങ്, വയർലെസ് ചാർജിങ്ങ് തുടങ്ങിയ ഫീച്ചറുകൾ ഒന്നാം നിരയിലിലുണ്ട്.
മഹീന്ദ്രയുടെ എംസ്റ്റാലിൻ പെട്രോൾ, എംഹോക്ക് ഡീസൽ എൻജിനുകളാണ് ഥാർ റോക്സിൽ നൽകിയിട്ടുള്ളത്. 2.0 ലിറ്റർ പെട്രോൾ എൻജിൻ 177 പി.എസ്. പവറും 375 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 2.2 ലിറ്റർ ഡീസൽ എൻജിൻ 175 പി.എസ്. പവറും 370 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകളാണ് രണ്ട് എൻജിനൊപ്പവും നൽകിയിട്ടുള്ളത്.
Discussion about this post