ഒക്ടബോര്‍ 31-ന് ദീപാവലി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമര്‍ സൊമാറ്റോയില്‍ ഫുഡ് ഡെലിവറി ചെയ്യുന്ന തിരക്കിലായിരുന്നു. തന്റെ കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാതെ പോലും ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂര്‍ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും.
ദീപാവലി ദിനത്തില്‍ കുടുംബത്തിനോടൊപ്പം പോലും നില്‍ക്കാനാവാതെ ഇരുന്നിട്ടും യുവാവിന് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. റിതിക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതുസംബന്ധിച്ച് വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓര്‍ഡര്‍ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓര്‍ഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓര്‍ഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.
നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 4.2 മില്ല്യണ്‍ ആളുകളാണ് കണ്ടത്. ദീപാവലി ദിനവും ജോലി ചെയ്യുന്ന റിതിക്കിന്റെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, ഈ കാരണംകൊണ്ടാണ് ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് ടിപ്പ് നല്‍കുമെന്ന് ഉറപ്പുവരുത്തേണ്ടതെന്ന് ഭൂരിഭാഗം പേരും കമന്റു ചെയ്തു. ശ്രദ്ധിക്കേണ്ടത് നമ്മളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post