അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി പത്രമായ ‘ഗ്രീൻ കാർഡ്’ സ്വന്തമാക്കാൻ ഇനി വെറും വിവാഹം മാത്രം പോരെന്ന് മുന്നറിയിപ്പ്. അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്നതിലൂടെ ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ആനുകൂല്യങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ഡോണാൾഡ് ട്രംപ് ഭരണകൂടം. വിവാഹബന്ധം നിയമപരമാണ് എന്നതിലുപരി, ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് ഇമിഗ്രേഷൻ വിഭാഗം ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ ആണ് അപേക്ഷകർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. “ഒരു ബന്ധത്തിലായിരിക്കുന്നത് കൊണ്ട് മാത്രം ഗ്രീൻ കാർഡ് ലഭിക്കില്ല. ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗ്രീൻ കാർഡ് ലഭിക്കൂ,” അദ്ദേഹം വ്യക്തമാക്കി.
വിവാഹിതരായ ശേഷം ജോലി ആവശ്യങ്ങൾക്കോ പഠനത്തിനോ മറ്റേതെങ്കിലും സൗകര്യങ്ങൾക്കോ വേണ്ടി ദമ്പതികൾ മാറി താമസിക്കുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകും. താമസിക്കുന്നത് ഒരേ വീട്ടിലല്ലെങ്കിൽ ഗ്രീൻ കാർഡ് അപേക്ഷ തള്ളാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബേൺസ്റ്റീൻ പറയുന്നു. മാറി താമസിക്കുന്നതിനുള്ള കാരണങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കില്ല. ദമ്പതികൾ യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവുമായി ഒരുമിച്ച് ജീവിക്കുന്നുണ്ടോ എന്ന് മാത്രമാണ് അധികൃതർ പരിശോധിക്കുന്നത്.
താമസം മാറിയാണെന്ന് കണ്ടാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്യും. ഇത് ഒടുവിൽ അപേക്ഷ നിഷേധിക്കുന്നതിലേക്ക് നയിക്കും. അതിനാൽ ഗ്രീൻ കാർഡ് ആഗ്രഹിക്കുന്നവർ നിർബന്ധമായും പങ്കാളിക്കൊപ്പം താമസിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിശോധനകൾ കർക്കശമാക്കി ട്രംപ് ഭരണകൂടം അമേരിക്കൻ പൗരന്മാരുടെ പങ്കാളികളെ ‘ഇമ്മീഡിയറ്റ് റിലേറ്റീവ്’ വിഭാഗത്തിലാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ അപേക്ഷകൾ അതീവ ജാഗ്രതയോടെയാണ് പരിശോധിക്കുന്നത്. വിവാഹം കേവലം ഗ്രീൻ കാർഡിന് വേണ്ടിയാണോ അതോ ആത്മാർത്ഥമായുള്ളതാണോ എന്ന് ഉറപ്പുവരുത്താൻ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് ഉടമകളുടെ വിവരങ്ങൾ പുനഃപരിശോധിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നൽകിയിരുന്ന വർക്ക് പെർമിറ്റിന്റെ കാലാവധി 18 മാസമായി വെട്ടിക്കുറച്ചിരുന്നു. കൂടാതെ, പ്രതിവർഷം 50,000 പേർക്ക് വിസ നൽകിയിരുന്ന ‘ഡൈവേഴ്സിറ്റി വിസ ലോട്ടറി’ നിർത്തലാക്കാനും ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്.
ഗ്രീൻ കാർഡ് കൈവശമുള്ള കുടിയേറ്റക്കാർ ഉൾപ്പെട്ട അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വിവാഹത്തിലൂടെ ഗ്രീൻ കാർഡിന് ശ്രമിക്കുന്നവർ അപേക്ഷ ഫയൽ ചെയ്യുന്നതിന് മുൻപ് നിയമോപദേശം തേടണമെന്നും ബ്രാഡ് ബേൺസ്റ്റീൻ നിർദ്ദേശിച്ചു.













Discussion about this post