SA20 ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്‌സിനെതിരായ ജോബർഗ് സൂപ്പർ കിംഗ്‌സിന്റെ ആവേശകരമായ സൂപ്പർ ഓവർ വിജയത്തിന് പിന്നിൽ എം.എസ്. ധോണിയുടെ തന്ത്രമെന്ന് നായകൻ ഫാഫ് ഡു പ്ലെസിസ്. മത്സരത്തിന്റെ നിശ്ചിത സമയത്ത് നിർണ്ണായകമായ റൺ ഔട്ട് പ്ലാൻ ചെയ്തത് ധോണിയുടെ പഴയൊരു പ്രകടനം മനസ്സിൽ വെച്ചാണെന്ന് ഫാഫ് വെളിപ്പെടുത്തി.
മത്സരത്തിലെ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണമെന്നിരിക്കെ, ജെ.എസ്.കെ വിക്കറ്റ് കീപ്പർ ഡൊനോവൻ ഫെറേര ബാറ്റ്‌സ്മാനെ റൺ ഔട്ടാക്കിയതാണ് കളി സൂപ്പർ ഓവറിലേക്ക് എത്തിച്ചത്. അവിടെ ഡർബൻ ഉയർത്തിയ 6 റൺ ലക്ഷ്യം സൂപ്പർ കിങ്‌സ് 3 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. 2016 ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ധോണി നടത്തിയ വിഖ്യാതമായ റൺ ഔട്ടിന് സമാനമായിരുന്നു ഫെറേര നടത്തിയ ശ്രമം.
അന്ന് ധോണി ഒരു ഗ്ലൗസ് അഴിച്ചുമാറ്റി പന്ത് കൈക്കലാക്കി ഓടിവന്ന് വിക്കറ്റ് തെറിപ്പിച്ചത് പോലെ, ഇവിടെ ഫെറേരയും കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിച്ചു. അവസാന പന്തിൽ ബാറ്റ്‌സ്മാൻ പന്ത് മിസ്സ് ചെയ്തപ്പോൾ റണ്ണിനായി ഓടിയ ഈതൻ ബോഷിനെ നേരിട്ടുള്ള ത്രോയിലൂടെ ഫെറേര പുറത്താക്കി.
എന്തായാലും ആവേശ ജയത്തിന്റെ പിന്നാലെ ഫാഫ് ഡു പ്ലെസിസിന്റെ വാക്കുകൾ ഇങ്ങനെ: “വർഷങ്ങൾക്ക് മുൻപ് ഇന്ത്യക്കായി ധോണി വിക്കറ്റിന് പിന്നിൽ നിന്ന ഒരു കളി എനിക്ക് ഓർമ്മയുണ്ട്. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരമായിരുന്നു അത്. ആ പ്ലാൻ മനസ്സിൽ വെച്ചാണ് ഞാൻ ബൗളറോട് പന്ത് എറിയാൻ പറഞ്ഞത്. അങ്ങനെയൊരു റൺ ഔട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ധോണിയുടെ ആ ബുദ്ധിപരമായ നീക്കം ഞങ്ങളെ സഹായിച്ചു,” ഫാഫ് പറഞ്ഞു.












Discussion about this post