അതിർത്തി കടന്നുള്ള ഭീകരവാദം ആയുധമാക്കുന്ന പാകിസ്താന് ശക്തമായ താക്കീതുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന ഒരു ‘മോശം അയൽക്കാരനാണ്’ പാകിസ്താനെന്നും, സ്വന്തം ജനതയെ സംരക്ഷിക്കാൻ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ്റെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിലാണ് ജയശങ്കർ വിമർശിച്ചത്. “ഒരു വശത്ത് സിന്ധു നദീജലം പങ്കുവെക്കണമെന്ന് ആവശ്യപ്പെടുകയും മറുവശത്ത് ഇന്ത്യയിൽ ഭീകരവാദം അഴിച്ചുവിടുകയും ചെയ്യുന്ന രീതി ഇനി അനുവദിക്കില്ല. ഭീകരത വിതയ്ക്കുന്നവർക്ക് നല്ല അയൽക്കാരന്റെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു. വെള്ളവും ഭീകരവാദവും ഒരുമിച്ച് ഒഴുകില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികളിൽ മറ്റ് രാജ്യങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. “നമ്മുടെ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട്. അത് എങ്ങനെ വേണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഇന്ത്യയുടേത്.”
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാകിസ്ഥാൻ പിന്തുണയോടെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സംഭവത്തെത്തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. പാകിസ്താൻ്റെ സാമ്പത്തിക തകർച്ചയ്ക്കിടയിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.
ഭാരതം മുന്നോട്ട് വെക്കുന്ന സമാധാന ശ്രമങ്ങളെ പാകിസ്താൻ ദൗർബല്യമായി കാണേണ്ടതില്ലെന്നും, സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ കരുത്ത് ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള നടപടികളിലൂടെ ലോകം കണ്ടതാണെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.













Discussion about this post