ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനായും റൺസ് വാരിക്കൂട്ടുന്ന സർഫറാസ് ഖാനെ പ്രധാന ടീമിലേക്ക് പരിഗണിക്കാത്തതിലാണ് ആരാധകർ കടുത്ത അമർഷം രേഖപ്പെടുത്തുന്നത്. സർഫറാസിനെ ഇത്രത്തോളം അവഗണിക്കുന്നത് “വലിയ നാണക്കേട്” ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവികാരം.
ഇപ്പോഴിതാ സർഫറാസ് ഖാനെ നിരന്തരം അവഗണിക്കുന്ന ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ദിലീപ് വെങ്‌സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ സർഫറാസ് നടത്തിയ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
ജയ്‌പൂരിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഗോവയ്‌ക്കെതിരെ സർഫറാസ് ഖാൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 75 പന്തുകളിൽ നിന്ന് 157 റൺസാണ് താരം അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായി ഇത് മാറി. ഈ പ്രകടനത്തിന് ശേഷവും സർഫറാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതിനെയാണ് വെങ്‌സർക്കാർ ചോദ്യം ചെയ്തത്.
“സർഫറാസ് ഖാൻ ഇനിയും എന്ത് തെളിയിക്കണം?” എന്നാണ് വെങ്‌സർക്കാർ ചോദിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയോടെ റൺസ് കണ്ടെത്തിയിട്ടും സെലക്ടർമാർ സർഫറാസിനെ അവഗണിക്കുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരന്റെ മികവ് അളക്കാൻ ഇതിലപ്പുറം എന്ത് മാനദണ്ഡമാണ് വേണ്ടതെന്ന് ചോദിച്ച അദ്ദേഹം, അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നിലപാടുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
രോഹിത് ശർമ്മയുടെ നായകത്വത്തിൽ 2024-ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാൻ, ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് തന്നെ തന്റെ ബാറ്റിംഗ് കരുത്ത് തെളിയിച്ചിട്ടുണ്ട്. 6 ടെസ്റ്റുകളിൽ നിന്ന് 37.10 ശരാശരിയിൽ 371 റൺസ് നേടിയ താരം, 75-ന് അടുത്തുള്ള സ്ട്രൈക്ക് റേറ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിലും ആധിപത്യം പുലർത്തുന്നു.












Discussion about this post