2026-ൽ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്കുള്ള തന്റെ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ താരം ആകാശ് ചോപ്ര. എന്നാൽ, താൻ പങ്കെടുത്ത അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയിട്ടും മലയാളി താരം സഞ്ജു സാംസണെ തന്റെ ടീമിൽ ഉൾപ്പെടുത്താൻ ചോപ്ര തയ്യാറായില്ല.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര 15 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന അവസാന ഏകദിനത്തിൽ സഞ്ജു 108 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ, കെ.എൽ. രാഹുലിനെ ഒന്നാം വിക്കറ്റ് കീപ്പറായും ഋഷഭ് പന്തിനെ റിസർവ് വിക്കറ്റ് കീപ്പറായും തിരഞ്ഞെടുത്ത ചോപ്ര, സഞ്ജുവിനെ ഒഴിവാക്കി.
പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശുഭ്മാൻ ഗിൽ തന്നെയാണ് ചോപ്രയുടെ ടീമിലെ നായകൻ. രോഹിത് ശർമ്മയും ഗില്ലും ആയിരിക്കും ടീമിന്റെ ഓപ്പണർമാർ. വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ഇറങ്ങും. നാലാമത് പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ഋതുരാജ് ഗെയ്‌ക്‌വാദ് ഇറങ്ങുമ്പോൾ കെ.എൽ. രാഹുൽ അഞ്ചാം നമ്പറിലാകും ഇറങ്ങുക. അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാൾക്ക് മാത്രമാണ് ടീമിൽ ഇടം ഉണ്ടാകുക. ഇത് കൂടാതെ വാഷിംഗ്ടൺ സുന്ദറിനെയും തിലക് വർമ്മയെയും ചോപ്ര ടീമിൽ ഉൾപ്പെടുത്തി. ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് പ്രധാന പേസർമാർ. കുൽദീപ് യാദവ് സ്പിൻ നിരയെ നയിക്കും
കിട്ടിയ അവസരത്തിലെല്ലാം തിളങ്ങിയ സഞ്ജുവിനെപ്പോലൊരു താരത്തിന് അവസരം നൽകാത്തത് വലിയ നാണക്കേടാണെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതികരിക്കുന്നത്.
ആകാശ് ചോപ്രയുടെ ടീം : ശുഭ്മാൻ ഗിൽ (Capt), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്‌വാദ്, കെ.എൽ. രാഹുൽ, അക്സർ പട്ടേൽ/രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, തിലക് വർമ്മ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ.












Discussion about this post