അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന ക്രൂരമായ അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വീണ്ടും പുറത്തുവരുന്നു. ശരിയത്‌പുർ ജില്ലയിൽ 50 വയസ്സുകാരനായ ഖോകൻ ചന്ദ്ര ദാസ് എന്ന ഹിന്ദു വ്യാപാരിയെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയും ജീവനോടെ തീ കൊളുത്തുകയും ചെയ്തു. ഡിസംബർ 31-ന് രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
തന്റെ മെഡിക്കൽ ഷോപ്പും മൊബൈൽ ബാങ്കിംഗ് സ്ഥാപനവും അടച്ച് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖോകൻ ദാസിനെ ദമുദ്യ-ശരിയത്‌പുർ റോഡിൽ വെച്ച് അക്രമിസംഘം തടഞ്ഞുനിർത്തി. മാരകായുധങ്ങൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അക്രമികൾ ഖോകന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കത്തുന്ന ശരീരവുമായി അടുത്തുള്ള കുളത്തിലേക്ക് ചാടിയ ഖോകൻ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ശരീരമാസകലം മാരകമായി പൊള്ളലേറ്റു. നിലവിൽ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളായ റബ്ബി, സൊഹാഗ് എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരികയാണ്.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ധാക്കയിൽ എത്തിയ സമയത്താണ് ഈ അക്രമം നടന്നതെന്നത് ഗൗരവകരമാണ്. ഇന്ത്യയുടെ ആശങ്ക ജയശങ്കർ ബംഗ്ലാദേശ് അധികൃതരെ അറിയിച്ചു. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വെറും രാഷ്ട്രീയ സംഘർഷങ്ങളായോ മാധ്യമ പെരുപ്പമായോ കണ്ട് തള്ളിക്കളയാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന ഇത്തരം ‘ഹിന്ദു വേട്ട’ ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്













Discussion about this post