ന്യൂഡൽഹി : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കിയ ഡോണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന്റെ അത്ഭുതകരമായ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹവുമായി ഒരു മികച്ച സംഭാഷണം നടത്തി എന്നാൽ പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും മോദി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡൊണാൾഡ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോക നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നാണ് ട്രംപുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയെ ഒരു യഥാർത്ഥ സുഹൃത്തായി താൻ കരുതുന്നുവെന്ന് ട്രംപ് മോദിയോട് സൂചിപ്പിച്ചു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദി ഒരു ഗംഭീര നേതാവാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നടന്ന ഫ്ലാഗ്രൻ്റ് പോഡ്‌കാസ്റ്റിനിടെ ട്രംപ് നരേന്ദ്രമോദിയെ കുറിച്ച് ഏറെ പുകഴ്ത്തി സംസാരിച്ചിരുന്നു. ലോകം മുഴുവൻ സ്നേഹിക്കപ്പെടുന്ന വ്യക്തിത്വമാണ് മോദി എന്നായിരുന്നു ഈ ഷോയിൽ ട്രംപ് വ്യക്തമാക്കിയിരുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ തന്നെ ട്രംപിൻ്റെ “ചരിത്രപരമായ” പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ഇന്ത്യ-യുഎസ് സമഗ്ര ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
Discussion about this post