ന്യൂഡൽഹി: നയതന്ത്ര ഏറ്റുമുട്ടലിനിടെ ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒട്ടാവയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണി വർദ്ധിച്ചതായി വിദേശകാര്യ മന്ത്രാലയം. കോൺസുലർ ക്യാമ്പിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കനേഡിയൻ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വർഷമോ അതിലധികമോ ആയി, ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും ഭയപ്പെടുത്തലുമെല്ലാം തങ്ങൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണികൾ വർദ്ധിച്ചുവരികയാണ്. ഇത് അംഗീകരിക്കാനാവില്ല. ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുവാനും നിയമം നടപ്പിലാക്കാനും ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തുന്നതായി ഇന്ത്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതായാണ് അവരെ ഓഡിയോ വീഡിയോ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കനേഡിയൻ സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നതായും ജയ്‌സ്വൾ വ്യക്തമാക്കിയിരുന്നു.
Discussion about this post