ന്യൂഡൽഹി : ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ഓഫീസിൽ രാജ്യവ്യാപകമായി ഇഡി റെയ്ഡ്. വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചതായുള്ള സൂചനയിലാണ് തുടർ പരിശോധനകൾ നടത്തിയത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആണ് രാജ്യവ്യാപകമായി ഇഡി റെയ്ഡ് നടത്തിയത്.
2019 മുതൽ വിദേശനാണ്യ വിനിമയ ലംഘനവുമായി ബന്ധപ്പെട്ട് ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിങ്ങനെ 19 സ്ഥലങ്ങളിലെ ഓഫീസുകളിലാണ് ഇഡി പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്.
ആമസോണിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും പ്രധാന വിൽപ്പനക്കാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ചരക്കുകളുടെയോ സേവനങ്ങളുടെയോ വിൽപ്പന വിലയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്നതിലൂടെയും എല്ലാ വിൽപ്പനക്കാർക്കും മത്സരത്തിനുള്ള അവകാശം നൽകാതെയും മാർക്കറ്റ് പ്ലേസ് നൽകുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എഫ്ഡിഐ നിയമങ്ങൾ ലംഘിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
Discussion about this post