അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല ആഗോള വ്യാപകമായി തന്നെ അതിന്റെ അലയൊലികൾ പ്രകടമാകും എന്ന പ്രതീക്ഷയിലാണ് ലോകം.
ലോക പോലീസ് എന്ന വിളിപ്പേരുള്ള രാജ്യമാണ് അമേരിക്ക. ഈ ലോകത്ത് നടക്കുന്ന ഏത് ഭൗമരാഷ്ട്രീയ സംഭവങ്ങളിലും അമേരിക്കയ്ക്ക് പ്രാധാന്യമുണ്ട്. അതിൽ തന്നെ പല ഇടപെടലുകളും അമേരിക്ക തന്നെ നടത്തുന്നതാണ് എന്ന് ഒരു വലിയ വിഭാഗം ആരോപിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പുറകിൽ അമേരിക്കൻ ചാര സംഘടനയായ സി ഐ എ ആണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ചാര സംഘടനയുടെ തലവൻ ആര് എന്നതിന് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്.
അമേരിക്കയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സി ആയ സി ഐ എ യുടെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്. ട്രംപ് ആരാധകനായ കശ്യപ് പട്ടേലിന്റെ പേരാണ് സി ഐ എ യുടെ തലപ്പത്തേക്ക് പരിഗണിക്കുന്നവരില്‍ ആദ്യത്തേത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് ഇദ്ദേഹം.
ഒന്നാം ട്രംപ് ഭരണകൂടത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച പട്ടേല്‍ ഐസിസിനും, അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയത് പട്ടേലായിരുന്നു.
സി ഐ എ തലവനായി കശ്യപ് പട്ടേലിനെയാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കിലും, ട്രംപ് വിചാരിച്ചാൽ മാത്രം നടക്കുന്ന ഒരു കാര്യമല്ല ഇത്. വൈറ്റ് ഹൌസിലെ നിയമ വിഭാഗമായ സെനറ്റിന്റെ അംഗീകാരം ഇതിനായി ആവശ്യമാണ്. എന്നാൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെനറ്റിലും വൻ വിജയം കരസ്ഥമാക്കിയതോടെ നിലവിൽ അവിടെയും റിപ്പബ്ലിക്കന്മാർക്കാണ് ആധിപത്യം.
Discussion about this post