എറണാകുളം: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ട മയക്കുമരുന്നുമായി പിടിയില്‍. എറണാകുളം ഗാന്ധി നഗർ സ്വദേശി സുരേഷ് ബാലന്‍ (38) ആണ് എക്‌സൈസിന്‍റെ പിടിയിലായത്. നിരവധി ക്രിമിനൽ – മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാൾ. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകൾ കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചത് മൂലം അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസ് സംഘം കീഴടക്കിയത്.
നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്.
ഹോസ്റ്റലുകളില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ കയ്യില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്ന യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്‍റെ സൗജന്യ ലഹരി വിമുക്തി ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post