ന്യൂഡൽഹി : നവംബർ 8ന് തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്വാനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് മോദി ആശംസകൾ അറിയിച്ചത്. നിരവധി പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായി നിലകൊള്ളുന്ന വ്യക്തിയാണ് അദ്വാനിയെന്ന് മോദി അഭിപ്രായപ്പെട്ടു.
രാവിലെ തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരിൽ ഒരാളാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി മോദി തന്റെ ട്വീറ്റിൽ സൂചിപ്പിച്ചു. ഈ ജന്മദിനത്തിൽ എൽ കെ അദ്വാനി ജിക്ക് ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ അസാധാരണ സേവനത്തിന് ഭാരതരത്‌ന നൽകി ആദരിച്ച വർഷം കൂടിയാണിത് എന്നുള്ളതിനാൽ അദ്ദേഹത്തിന്റെ ഈ വർഷത്തെ ജന്മദിനം പ്രത്യേകതയുള്ളതാണ് എന്നും മോദി സൂചിപ്പിച്ചു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് വൈകിട്ട് പ്രധാനമന്ത്രി അദ്വാനിയെ വീട്ടിലെത്തി സന്ദർശിച്ചത്. രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ ആജീവനാന്ത സമർപ്പണത്തിനുള്ള അംഗീകാരം ആയി ഈ വർഷമാദ്യം രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു. ഇന്ത്യയിലെ പ്രബലമായ രാഷ്ട്രീയ ശക്തികളിലൊന്നായി ബിജെപിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്വനിയുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹത്തിന്റെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post