കോഴിക്കോട് : കോഴിക്കോട് ഇടിമിന്നലേറ്റ് 6 സ്ത്രീകൾക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മിന്നലേറ്റ ആറ് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് ഇടിമിന്നലേറ്റത്. കായണ്ണ പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ വൈകിട്ട് ആറുമണിയോടെ ആയിരുന്നു മിന്നലേറ്റ് അപകടമുണ്ടായത്. മിന്നൽ പതിച്ച ഉടൻതന്നെ 6 സ്ത്രീകൾ ബോധരഹിതരായി വീഴുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് അപകട സ്ഥലത്തുനിന്നും ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രദേശത്ത് മഴ ഉണ്ടായിരുന്നില്ലെങ്കിലും അതിശക്തമായ ഇടിമിന്നൽ ഉണ്ടായതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post