മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ എന്ത് കിട്ടും? മണ്ഡലത്തിലേക്ക് പുതിയൊരു എംഎൽഎയെ കിട്ടും എന്നായിരിക്കും ഉത്തരം അല്ലേ? എന്നാൽ മഹാരാഷ്ട്രയിൽ അങ്ങനെയല്ല. വോട്ട് ചെയ്യുന്നവരെ കാത്ത് വമ്പൻ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുംബൈയിലെ റസ്റ്റോറന്റുകളും മൾട്ടിപ്ലക്സുകളും ആണ് വോട്ടർമാർക്കായി വമ്പൻ ഡിസ്കൗണ്ടുകൾ ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്ത ശേഷം വരുന്നവർക്ക് 20% വരെ ഡിസ്കൗണ്ട് ആണ് റസ്റ്റോറന്റുകളിലും മൾട്ടിപ്ലക്സുകളിലും ലഭിക്കുക. വോട്ട് ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷിയുമായി എത്തുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ഉള്ളത്.
വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. വ്യാപാരികൾ, മൾട്ടിപ്ലക്‌സ് ഉടമകൾ, റസ്‌റ്റോറൻ്റ് ഉടമകൾ എന്നിവരുടെ അസോസിയേഷനുകൾ ചർച്ച നടത്തിയാണ് ഈ ആശയം നടപ്പിലാക്കുന്നത്. മുംബൈ നഗരത്തിൻ്റെയും മുംബൈ സബർബൻ ജില്ലയുടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ മുംബൈ മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാനിയുടെ ആശയമാണ് ഈ ഡിസ്കൗണ്ടിന് പിന്നിൽ. മുംബൈ നഗരത്തിലെ കൂടുതൽ പേരെ വോട്ടിംഗ് പ്രക്രിയയുടെ ഭാഗമാക്കാനാണ് ഇങ്ങനെയൊരു വ്യത്യസ്തമായ പദ്ധതി ഒരുക്കിയിട്ടുള്ളത്.
Discussion about this post