ന്യൂഡൽഹി : 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ല എന്ന് ബിസിസിഐ. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 19 ന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിലെ മൂന്ന് വേദികളിലായാണ് നടത്താനായി തീരുമാനിച്ചിരുന്നത്.
ഇന്ത്യൻ ടീം പാകിസ്താനിലേക്ക് ഇല്ല എന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. ഇതോടെ 2023ന് സമാനമായി പാകിസ്താനിലും ശ്രീലങ്കയിലും ഒരു ഹൈബ്രിഡ് മോഡലിൽ ചാമ്പ്യൻസ് ട്രോഫി നടത്തിയേക്കും എന്നാണ് സൂചന. ഹൈബ്രിഡ് മോഡൽ സ്വീകരിക്കുകയാണെങ്കിൽ ശ്രീലങ്കയോ യുഎഇയോ ആയിരിക്കും പാകിസ്താനെ കൂടാതെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് വേദിയാകാൻ സാധ്യതയുള്ളത്.
എന്നാൽ ഒരു ഹൈബ്രിഡ് മോഡലിനെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ആ മാതൃക അംഗീകരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറല്ല എന്നും പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി അടുത്തിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഇന്ത്യൻ ബോർഡിൽ നിന്ന് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ കളിക്കാരെ പാകിസ്താനിലേക്ക് അയക്കില്ല എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post