തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെയായിരിക്കും പിന്തുണ നൽകുക എന്ന് വ്യക്തമാക്കി പിഡിപി. എറണാകുളത്ത് ചേര്‍ന്ന പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം നില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായാണ് എല്‍ഡിഎഫിന് പിന്തുണ നൽകുന്നതെന്നും പിഡിപി വ്യക്തമാക്കി.
പി ജയരാജന്റെ പുസ്തകത്തിലെ പിഡിപി നേതാവ് മദനിക്കെതിരായ വിമർശനം വ്യക്തിപരം മാത്രമാണെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. പിഡിപിയോടോ മദനിയോടോ സിപിഎമ്മിനോ മുന്നണിക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പി ജയരാജന്റെ നിലപാടല്ല ഉള്ളത് എന്നും പിഡിപി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍ തന്റെ പുസ്തകത്തിലൂടെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. കേരളത്തിലെ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കിയത് മദനി ആണെന്നാണ് ജയരാജന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി ജയരാജന്റെ പുസ്തകത്തിൽ ഉണ്ട്. ഇക്കാര്യം വിവാദമായതിനു ശേഷം ചേർന്ന പിഡിപി സംസ്ഥാന യോഗത്തിലാണ് പി ജയരാജനെ തള്ളിക്കൊണ്ട് എൽഡിഎഫിന് തന്നെ പിന്തുണ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post