മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. അൻവർ വാ പോയ കോടാലി ആണെന്നുള്ള പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ വാ പോയ കോടാലി ആണെങ്കിൽ പിണറായി വിജയൻ തലപോയ ദ്രവിച്ച തെങ്ങ് ആണെന്ന് പി വി അൻവർ ആക്ഷേപിച്ചു.
മുഖ്യമന്ത്രി ഒരു തല പോയ തെങ്ങാണെന്നുള്ള കാര്യം അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണം എന്നും അൻവർ ആവശ്യപ്പെട്ടു. വാ പോയ കോടാലിക്ക് എത്രത്തോളം മൂർച്ചയുണ്ട് എന്ന് ഇരുപത്തിമൂന്നാം തീയതി മുഖ്യമന്ത്രി അറിയുമെന്നും അൻവർ വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ളതാണ്. ചേലക്കരയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം പേരും തന്റെ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും പി വി അൻവർ അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പകുതി വോട്ടും ഡിഎംകെ സ്ഥാനാർത്ഥിയായ എൻ കെ സുധീറിന്റെ പേരിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ വീഴും. സിപിഎമ്മിലെ കുടുംബാധിപത്യം വെച്ചുപൊറുപ്പിക്കില്ല എന്നും അൻവർ അഭിപ്രായപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്രയോ നേതാക്കന്മാർ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മരുമകനാണ് തിരഞ്ഞെടുപ്പ് അടക്കം നിയന്ത്രിക്കുന്നത്. പിണറായി വിജയൻ കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രിയാകുന്നതും മരുമകൻ ആയിരിക്കും. കെ രാധാകൃഷ്ണനെയോ ആർ ബിന്ദുവിനെയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എവിടെയെങ്കിലും നിങ്ങൾ കണ്ടോ? എല്ലാ ഉന്നത നേതാക്കളെയും ചവിട്ടി താഴ്ത്തിക്കൊണ്ട് എല്ലാ അധികാരവും മുഖ്യമന്ത്രിയുടെ മരുമകന്റെ കൈകളിലാണ് ഇപ്പോഴുള്ളത് എന്നും പി വി അൻവർ ആരോപിച്ചു.
Discussion about this post