പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പാർക്കിംഗ് സൗകര്യത്തിൽ പരിഷ്കരണവുമായി ദേവസ്വം ബോർഡ്. നിലയ്ക്കലെ വാഹന പാർക്കിംഗ് ഇനി പൂർണ്ണമായും ഫാസ്ടാഗ് സംവിധാനത്തിൽ ആയിരിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻവർഷത്തേക്കാൾ അധികമായി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ തീർത്ഥാടന കാലം മുതൽ അധികമായി 2500 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്. പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാർക്കിംഗ് സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.
എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലവും ശബരിമല തീർത്ഥാടകരുടെ വാഹന പാര്‍ക്കിങ്ങിനായി വിനിയോഗിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ 17 പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലായി 100 ലേറെ വിമുക്തഭടന്മാരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ട്. ഓരോ പാർക്കിംഗ് ഗ്രൗണ്ടിലും മൂന്നുപേർ വീതം ക്രമീകരണങ്ങൾ നടപ്പിലാക്കാനായി ഉണ്ടാകും എന്നാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്.
Discussion about this post