ന്യൂഡൽഹി : വിസ്താര പൂർണമായി എയർ ഇന്ത്യ കമ്പനിയിൽ ലയിക്കുന്നു. ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തി. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും . ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം ഇനി എയർ ഇന്ത്യ ബ്രാൻഡിനു കീഴിലാകും സേവനം നടത്തുക .
വിസ്താരയുമായുള്ള ‘അവസാന ഫ്‌ലൈറ്റ്’ അനുഭവം നിരവധിയാളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വിസ്താരയെ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനക്കമ്പനിയാണന്നും എയർ ഇന്ത്യയുമായുള്ള പ്രവർത്തനങ്ങളുടെ ഏകീകരണത്തിന് ആശംസകൾ നേരുന്നതായും യാത്രക്കാർ കുറിച്ചു.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ലാണ് വിസ്താര രംഗത്തെത്തിയത്. 13 മുതൽ വിസ്താര കമ്പനിയും സർവീസ് റൂട്ടുകളും ജീവനക്കാരും എയർ ഇന്ത്യയുടെ ഭാഗമാകും. സെപ്തംബർ മൂന്ന് മുതൽ വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതിന്‌ശേഷമുള്ള ബുക്കിങ് എയർ ഇന്ത്യ വഴിയായിരുന്നു. നവംബർ 12ന് ശേഷമുള്ള വിസ്താരയിൽ ബുക്ക് ചെയ്തിരുന്നവർക്ക് എയർ ഇന്ത്യ ടിക്കറ്റ് നൽകും.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ലയനത്തിന് ജൂണിൽ അന്തിമ അനുമതി നൽകി. വിസ്താരയിൽ 49 ശതമാനം ഓഹരിയുള്ള സിംഗപ്പുർ എയർലൈൻസിന് വിപുലീകരിക്കപ്പെടുന്ന എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുണ്ടാകും. നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2,000 കോടി രൂപയാണ് കമ്പനി എയർഇന്ത്യയിൽ നിക്ഷേപിച്ചത്.
Discussion about this post