തിരുവനന്തപുരം; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കടുത്ത ചേരിപ്പോര് തുടരുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എൻ പ്രശാന്ത്, കെ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അഡീഷണൽ ചീഫ് ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിന് സസ്‌പെൻഷൻ. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മൊബൈൽ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണൻറെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.പ്രശാന്തിൻറേത് ചട്ടലംഘനമാണെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്.
കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻറെ രീതിയെന്ന് ഇന്നലെയും പ്രശാന്ത് വിമർശിച്ചിരുന്നു.ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി ശുപാർശ നേരത്തെ ഉണ്ടായത്. പ്രശാന്തിന്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോർട്ട്. താൻ വിസിൽ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമർശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി.
Discussion about this post