പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട്ടെ മുഖ്യ എതിരാളി സിപിഐഎം ആണെന്ന കെ മുരളീധരന്റെ പരാമർശത്തെ തള്ളിയാണ് വി ഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് തിരഞ്ഞെടുപ്പിൽ ബിജെപി ഒരു വെല്ലുവിളി അല്ല എന്നായിരുന്നു കെ മുരളീധരൻ സൂചിപ്പിച്ചിരുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് മുരളീധരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് വി ഡി സതീശൻ വ്യക്തമാക്കുന്നത്. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ഇടതുപക്ഷമായിരിക്കും അവിടെ മൂന്നാം സ്ഥാനത്തേക്ക് പോവുക എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പാലക്കാട് 10,000 മുതൽ 15,000 വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു കെ മുരളീധരൻ ബിജെപി ഒരു വെല്ലുവിളി അല്ല എന്ന പരാമർശം നടത്തിയിരുന്നത്. എൽഡിഎഫ്-യുഡിഎഫ് മത്സരമാണ് നടക്കുന്നത്. സരിൻ ഒരു മിടുക്കൻ ആയതുകൊണ്ടാണ് കഴിഞ്ഞതവണ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചത്. കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ സരിനെ വീണ്ടും ഒറ്റപ്പാലത്ത് മത്സരിപ്പിക്കുമായിരുന്നു എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post