ഹൈദരാബാദ്: സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ് എടുത്ത് ആന്ധ്രാ പോലീസ്. ടിഡിപി നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് രാം ഗോപാൽ വർമ്മയ്‌ക്കെതിരായ പരാതി.
പ്രകാസം ജില്ലയിലെ മഡ്ഡിപ്പാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെ ഡിടിപി നേതാവ് രാമലിംഗവും സംഘവും നൽകിയ പരാതിയിൽ ആണ് നടപടി. സോഷ്യൽ മീഡിയ വഴി രാം ഗോപാൽ വർമ്മ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചുവെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. പരാതിയിൽ ഐടി ആക്ട് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വൈഎസ്ആർ കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണ് രാം ഗോപാൽ വർമ്മ. ചന്ദ്രബാബു നായിഡുവിന്റെ വിമർശകൻ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിടിപി പ്രവർത്തകർ രംഗത്ത് വരികയായിരുന്നു.
Discussion about this post