എറണാകുളം: ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് റീജണൽ ഓഫീസുകൾ കേരളത്തിൽ ഉടൻ ആരംഭിക്കും. ഐസിസിഎസ്എൽ ചെയർമാൻ സോജൻ വി. അവറാച്ചൻ ആണ് ഇക്കാര്യം അറിയിച്ചത്. കേരള ബ്രാഞ്ച് മാനേജേഴ്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിസിഎസ്എൽ ഉയരങ്ങളിലേക്ക് കുതിയ്ക്കുകയാണ്. ഇതേ തുടർന്നാണ് കേരളത്തിൽ രണ്ട് ഓഫീസുകൾ തുറക്കാൻ തീരുമാനിച്ചത്. കോഴിക്കോടും കൊട്ടാരക്കരയുമാണ് പുതിയ ഓഫീസുകൾ. ഇതിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡൽഹി എന്നിവിടങ്ങളിലും പുതിയ ഓഫീസുകൾ ആരംഭിക്കും. സൊസൈറ്റിയെ തലമുറ തലമുറകൾ നിലനിൽക്കുന്ന പ്രസ്ഥാനം എന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യമെന്ന് സോജൻ വി അവറാച്ചൻ പറഞ്ഞു.
സ്ഥാപനത്തിൽ ന്യൂജനറേഷൻ ബാങ്കിംഗ് സിസ്റ്റം നടപ്പിലാക്കുകയാണ്. എടിഎം ഉൾപ്പടെയുള്ള സൗകര്യങ്ങൾ പ്രാവർത്തികമാകുകയാണ്. ഏത് ബാങ്കിന്റെ എക്കൗണ്ടിൽ നിന്നു വേണമെങ്കിലും ഐസിസിഎസ് എൽ എടിഎമ്മിലൂടെ പണം പിൻവലിക്കാം. ഏത് ബാങ്കിലേക്കും പണം ഡിപ്പോസിറ്റ് ചെയ്യുകയുമാകാം. അതോടൊപ്പം തന്നെ സൊസൈറ്റിയുടെ അംഗങ്ങൾക്ക് എടിഎം കാർഡുകൾ വിതരണം ചെയ്യും. സൊസൈറ്റിയിലെ ഷെയർഹോൾഡേഴ്‌സിന് സ്ഥാപനത്തിലുള്ള എസ്ബി എക്കൗണ്ടിൽ നിന്ന് എടിഎമ്മിലൂടെ പണം പിൻവലിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മിൽ കയറിയും സൊസൈറ്റി സേവിങ്‌സ് എക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാമെന്ന സൗകര്യവുമുണ്ടെന്നും ചെയർമാൻ പറഞ്ഞു.
വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തെ രണ്ട് എൻബിഎഫ്‌സികളെ ഐസിസിഎസ് എൽ ഏറ്റെടുത്തിട്ടുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത മംഗളം ഇൻഡസ്ട്രിയൽ ഫിനാൻസ് ലിമിറ്റഡും, ഐ സെക്യുർ ക്രെഡിറ്റ് ആൻഡ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡും ആണ് അവ. ഇതിൽ ഒരു കമ്പനിയെ സ്‌മോൾ ഫിനാൻസ് ബാങ്കായി മാറ്റാനാണ് ഉദ്ദേശ്യമെന്നും ചെയർമാൻ പറഞ്ഞു. ഒരു കമ്പനി എൻബിഎഫ്‌സിയായി തന്നെ നിലനിൽക്കും.
ഐസിസിഎസ് എല്ലിൽ നിന്ന് നിലവിൽ ഷെയർഹോൾഡേഴ്‌സിന് മാത്രമേ വായ്പ കൊടുക്കാൻ സാധിക്കൂ. എന്നാൽ, എൻബിഎഫ്‌സിയുടെ പ്രവർത്തനം സജീവമായാൽ സാധാരണക്കാർക്കും വായ്പ നൽകാൻ സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഗോൾഡ് ലോൺ ഉൾപ്പടെയുള്ള വായ്പകളും എൻബിഎഫ്‌സി ബ്രാഞ്ചുകൾ വഴി നൽകും.
4800 കോടിയിൽ പരം രൂപ 2014 മുതൽ 24 വരെ സമഹാരിക്കാനായ സൊസൈറ്റി, ഇതിൽ 1000 കോടി രൂപയോളം മെച്യൂരിറ്റി ആയതിനെത്തുടർന്ന് തിരിച്ചുനൽകിയിട്ടുമുണ്ട്. വലിയ തലത്തിൽ ഓഹരിയുടമകളുടെ ജീവിതം മാറ്റിമറിക്കാൻ ഐസിസിഎസ്എല്ലിനായി. ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഏകദേശം 30,000ത്തോളം ഏജന്റുമാർ കേരളത്തിലുണ്ട്. സൊസൈറ്റിയുടെ ഒപ്പം സഹകാരികൾ കരുത്തോടെ ഉറച്ചുനിൽക്കുകയാണ്. അഗ്നിശുദ്ധി വരുത്തിയാണ് ഐസിസിഎൽ ഇന്ന് കേരളത്തിൽ തലഉയർത്തി നിൽക്കുന്നത്. എല്ലാ സൊസൈറ്റി ബ്രാഞ്ചുകളിലും മികച്ച നിക്ഷേപമാണ് വരുന്നതെന്നും കൂടുതൽ സഹകാരികളെ ആകർഷിക്കാനായെന്നും അദ്ദേഹം വിശദമാക്കി.
ഐസിസിഎസ്എല്ലിന്റെ നട്ടെല്ല് ഇവിടുത്തെ ജീവനക്കാരാണ്. സൊസൈറ്റി വളരുന്നതോടൊപ്പം അവരെയും വളർത്തും. ഇതിന്റെ ഭാഗമായി എല്ലാവർക്കും അടുത്തമാസം മുതൽ ഇൻക്രിമെന്റ് അനുവദിക്കുമെന്നും അദേഹം പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ മൊത്തം ഡിപ്പോസിറ്റ് 10,000 കോടി രൂപയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് നടത്തുന്നതെന്ന് ചെയർമാൻ സോജൻ വി. അവറാച്ചൻ പറഞ്ഞു
Discussion about this post