കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടത്തിന് കാരണമാകാൻ പോകുന്ന സീപ്ലെയ്ൻ പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ എത്തുന്നത് ആവേശത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽനിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയണ് റോഡ് മാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്രാസമയം, സീപ്ലെയ്‌നായാൽ യാത്രാസമയം 25 മിനിറ്റായി കുറയ്ക്കാം.
എന്നാൽ സംസ്ഥാനത്തെ ആദ്യത്തെ സീപ്ലെയ്ൻ അല്ല ഇത്. ഏതാനും വർഷം മുമ്പ് വരെ മറ്റൊരു സീപ്ലെയ്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അധികമാരും അറിയാതെ കിടന്നിരുന്നു. പിന്നീടത് കഷണങ്ങളാക്കി യുഎസ്എയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. മലയാളി പൈലറ്റുമാരായ ക്യാപ്റ്റൻ സുധീഷ് ജോർജ്, ക്യാപ്റ്റൻ സൂരജ് ജോസ് എന്നിവരാണ് ആദ്യ സീപ്ലെയ്ൻ കേരളത്തിലേക്ക് എത്തിച്ചത്. 2012 നവംബറിൽ കൊച്ചി ആസ്ഥാനമാക്കി സീബേർഡ് സീപ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയും ഇവർ ആരംഭിച്ചിരുന്നു. 2015ൽ യുഎസിലെ ക്വസ്റ്റ് എന്ന കമ്പനിയിൽ നിന്ന് 15 കോടിരൂപ വിലവരുന്ന സീപ്ലെയ്ൻ ഇവർ വാങ്ങി. ഇതിനായി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. സുധീഷും സൂരജുമാണ് കോഡിയാക് 100 ശ്രേണിയിലെ 9 സീറ്റർ വിമാനം യുഎസിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ചത്.അന്ന് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. പിന്തുണയോടെ മത്സ്യത്തൊഴിലാളിസംഘടനകൾ പ്രതിഷേധിച്ചപ്പോൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാറിന് പദ്ധതി പിൻവലിക്കേണ്ടിവന്നു.
പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് യാത്ര ചെയ്യാവുന്ന സെസ്‌ന 206 ആംഫിബിയസ് ചെറുവിമാനമാണ് 2013 ജൂൺ രണ്ടിന് കൊല്ലം അഷ്ടമുടി കായൽപ്പരപ്പിൽ പറന്നിറങ്ങിയത്. ആലപ്പുഴ പുന്നമടക്കായലിലേക്ക് കന്നിപ്പറക്കൽ നിശ്ചയിച്ചിരുന്നെങ്കിലും വിമാനമിറങ്ങാൻ നിശ്ചയിച്ച സ്ഥലത്ത് വള്ളങ്ങൾ നിരത്തി വലവിരിച്ചും കക്കവാരിയും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു.
ഇത് കൂടാതെ വിമാനത്തിന്റെ പാർക്കിംഗ് ഫീസായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് നാലുലക്ഷത്തോളം രൂപയും കമ്പനി നൽകേണ്ടിയിരുന്നു.ഇതിനിടെയാണ് ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ജപ്തി നടപടികൾ ആരംഭിച്ചത്. പലിശയടക്കം ആറുകോടിയോളം രൂപയാണ് ബാങ്കിലേക്ക് അടയ്ക്കേണ്ടിയിരുന്നത്.ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് പ്രകാരമാണ് സീപ്ലെയ്ൻ ജപ്തി ചെയ്തത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സീപ്ലെയ്ൻ ജപ്തി ചെയ്യുന്നത്. പിന്നീട് ലേലത്തിലൂടെ സീപ്ലെയ്ൻ യുഎസ് ഡീലർ സ്വന്തമാക്കി. മൂന്ന് കോടി രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്
ദീർഘകാലം പ്രവർത്തിക്കാത കൊച്ചി വിമാനത്താവളത്തിൽ കിടന്ന സീപ്ലെയ്ൻ കഷണങ്ങളാക്കി കണ്ടെയ്നറിൽ കയറ്റിയാണ് യുഎസിലേക്ക് കൊണ്ടുപോയത്. ടയറുകൾ, സോഫ്റ്റ് വെയർ എന്നിവയിലും മാറ്റം ആവശ്യമായിരുന്നു. യുഎസിലെത്തിച്ച് വീണ്ടും അസംബിൾ ചെയ്ത് സീപ്ലെയ്ൻ മറിച്ചുവിൽക്കാനായിരുന്നു യുഎസ് സ്വദേശിയായ ഡീലറുടെ ഉദ്ദേശം.
Discussion about this post