ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. നിങ്ങളുടെ ഗ്രാമം കത്തിച്ചതും ‘അമ്മ പെങ്ങന്മാരെ ഉപദ്രവിച്ചതും ആരാണെന്ന് ലോകത്തോട് തുറന്നു പറയൂ എന്നാണ് യോഗി ആദിത്യനാഥ് കോൺഗ്രസ്സ് പ്രസിഡന്റിനോട് തുറന്നടിച്ചത്.
“ഈ ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നോട് അനാവശ്യമായി ദേഷ്യപ്പെടുകയാണ്. അദ്ദേഹം ദേഷ്യത്തിലാണ്. ഖാർഗെ ജീ, എന്നോട് ദേഷ്യപ്പെടരുത്, നിങ്ങളുടെ പ്രായത്തെ ഞാൻ ബഹുമാനിക്കുന്നു, നിങ്ങൾക്ക് ദേഷ്യപ്പെടണമെങ്കിൽ ഹൈദരാബാദ് നിസാമിനോട് ദേഷ്യപ്പെടുക. നൈസാമിൻ്റെ റസാക്കർമാർ നിങ്ങളുടെ ഗ്രാമം കത്തിച്ചു, ഹിന്ദുക്കളെ ക്രൂരമായി കൊന്നു, നിങ്ങളുടെ ബഹുമാന്യരായ അമ്മയെയും സഹോദരിയെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഉപദ്രവിച്ചു. രാജ്യം വിഭജിക്കപ്പെടുന്നു എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ ഈ സത്യമാണ് നിങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത്” യോഗി ആദിത്യനാഥ് പറഞ്ഞു.
സന്യാസിമാരുടെ വേഷത്തിൽ ജീവിക്കുന്ന ചിലർ രാഷ്ട്രീയക്കാരായി മാറിയെന്ന് ഞായറാഴ്ച ഖാർഗെ യോഗി ആദിത്യനാഥിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുമായുള്ള സംയോജനത്തെ ചെറുക്കാൻ സ്വാതന്ത്ര്യത്തിന് മുമ്പ് ഹൈദരാബാദിലെ പഴയ നവാബ് രൂപീകരിച്ച ഒരു അർദ്ധസൈനിക സേനയാണ് റസാക്കർമാർ. അന്നത്തെ ഹൈദരാബാദ് രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കെതിരെ ക്രൂരമായ ശിക്ഷാ നടപടികളായിരിന്നു റസാക്കർമാർ അഴിച്ചു വിട്ടത്.
Discussion about this post