ന്യൂഡൽഹി:ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും 17 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച പരിശോധന നടത്തി. ഇന്ത്യൻ പൗരത്വം സ്ഥാപിക്കാൻ വ്യാജരേഖകൾ നൽകുന്ന ഏജൻ്റുമാരുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
സ്വകാര്യ ഏജൻ്റുമാരുടെ ഒത്താശയോടെ ബംഗ്ലാദേശ് അതിർത്തി കടന്ന് ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ ബരിയാതു പോലീസ് സ്റ്റേഷനിൽ ജൂൺ 4 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
വ്യാജ ആധാറുകൾ, വ്യാജ പാസ്‌പോർട്ടുകൾ, അനധികൃത ആയുധങ്ങൾ, സ്ഥാവര വസ്‌തു രേഖകൾ, പണം, ആഭരണങ്ങൾ, പ്രിൻ്റിംഗ് പേപ്പറുകൾ, പ്രിൻ്റിംഗ് മെഷീനുകൾ, ആധാർ വ്യാജമാക്കാൻ ഉപയോഗിച്ച ബ്ലാങ്ക് പ്രഫോർമകൾ തുടങ്ങി നിരവധി കുറ്റകരമായ വസ്തുക്കളാണ് ഇതുവരെ കണ്ടെടുത്തത്. കൂടുതൽ തിരയലുകൾ തുടരുകയാണ്,” എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നവംബർ 13, 20 തീയതികളിൽ ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ , ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് കീഴിൽ അനിയന്ത്രിതമായി നടക്കുന്ന അനധികൃത നുഴഞ്ഞുകയറ്റം ബി ജെ പി വലിയ വിഷയമായി ഉയർത്തി കാട്ടുകയാണ്. സമാനമായ സാഹചര്യം തന്നെയാണ് പശ്ചിമ ബംഗാളിലും നിലനിൽക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പ്രസംഗങ്ങളിൽ ഈ വിഷയം പലതവണ ഉന്നയിക്കുകയും, സന്താൽ പർഗാന മേഖലയിൽ നുഴഞ്ഞുകയറ്റക്കാർ കൈയേറിയതായി ആരോപിക്കപ്പെടുന്ന ഭൂമി തിരിച്ചുനൽകാൻ നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രീണന രാഷ്ട്രീയമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.
Discussion about this post