വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാഷിഫ് മിര്‍സയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്
99, 999 രൂപയുടെ പദ്ധതികൾ മുഖേന 13 ആഴ്ച നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം. തുടക്കത്തിൽ പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് ഇത്തരത്തിൽ ലാഭം കിട്ടുകയുണ്ടായി. എന്നാൽ പിന്നീട് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതിയുമായെത്തിയത്.
സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ തട്ടിപ്പിനിരയാക്കിയത് . വലിയ ലാഭ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും പദ്ധതിയിൽ ചേർന്നതെന്ന് പൊലീസ് വ്യക്തമാക്കി . നിലവില്‍ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് മിര്‍സ.
Discussion about this post