തൃശ്ശൂർ: സംസ്ഥാനത്തെ രണ്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ്. ചേലക്കര നിയോജക മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ഇരു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. തിരക്കില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി ആളുകൾ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് എത്താൻ ആരംഭിച്ചു.
ചേലക്കര മണ്ഡലത്തിൽ ആറും, വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ രാധാകൃഷ്ണൻ എംപിയായി വിജയിച്ചതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലെ എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങൾക്കൊപ്പം പാലക്കാടും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ കൽപ്പാത്തി തേര് പ്രമാണിച്ച് വോട്ടെടുപ്പ് 20 ലേക്ക് മാറ്റുകയായിരുന്നു.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിംഗ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവിടെ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിംഗ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെട്ടത്.
വോട്ടെടുപ്പിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിംഗ് സംവിധാനം ബൂത്തുകളിൽ ഉണ്ട്. ഇതിന് പുറമേ വീഡിയോ ഗ്രാഫർമാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെ വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും പ്രത്യേക കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും.












