ബംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കേസ്. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. കർണാടക വനംവകുപ്പിന്റേതാണ് നടപടി. നിർമ്മാതാക്കൾക്ക് പുറമേ മറ്റ് രണ്ട് പേരെ കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ടോക്‌സിക് എന്ന ചിത്രത്തിന് വേണ്ടിയാണ് മരങ്ങൾ വ്യാപകമായി വെട്ടിമാറ്റിയത്. നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ സാറ്റ്‌ലൈറ്റിൽ ചിത്രങ്ങൾ അടുത്തിടെ കർണാടക വനംവകുപ്പ് മന്ത്രി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കാൻ മജിസ്‌ട്രേറ്റ് കോടയതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിർമ്മാതാക്കളായ കെ.വി.എൻ മാസ്റ്റർമൈൻഡ് ക്രിയേഷൻസ്, കാനറാ ബാങ്ക് ജനറൽ മാനേജർ, എച്ച്ടിഎം ജനറൽ മാനേജർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. 193 ലെ കർണാടക വനംവകുപ്പ് നിയമപ്രകാരം ഉള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച് എംടിയും സംസ്ഥാന വനംവകുപ്പും തമ്മിൽ സിനിമയ്ക്ക് വേണ്ടി മുറിച്ച മരങ്ങൾ നിൽക്കുന്ന പ്രദേശം സംബന്ധിച്ച് തർക്കം ഉണ്ട്. 599 ഏക്കറോളം വരുന്ന ഭൂമി തങ്ങളുടേത് ആണെന്നാണ് എച്ച്എംടി വ്യക്തമാക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്റേതാണെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. ഇതിനിടയിലാണ് യഷിന്റെ സംഘം പെട്ടുപോയത്.
Discussion about this post