കോഴിക്കോട്: വിരമിച്ച പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ.
പുത്തൂർ ശ്യാം നിവാസിൽ മനോഹരൻ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് (42), പട്ടർ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയിൽ മനോജൻ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മനോഹരൻ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിൽ ബാക്കി നാല് പേർ ചേർന്നാണ് ആക്രമണം നടത്തിയത്.
പുത്തൂർ സ്വദേശിയും മുൻ പോസ്റ്റ്മാനുമായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയുമാണ് പ്രതികൾ ചേർന്ന് ആക്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. രാത്രി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച കടന്ന അക്രമി സംഘം ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് ഇവർ എത്തിയത്. തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന രവീന്ദ്രനെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകന് നേരെ ആക്രമണം ഉണ്ടായത്.
മനോഹരനും രവീന്ദ്രനും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ക്വട്ടേഷൻ നൽകിയത്.
അഞ്ചംഗ സംഘം എത്തിയ ടാക്സി ജീപ്പ് പോലീസ് സ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രവീന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post