ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ ആക്രമണം. പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദമാസ്കസിലെ രണ്ട് കെട്ടിടങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുള്ളതായും സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി സന അറിയിച്ചു. ആക്രമണം നടന്ന ഒരു കെട്ടിടം ദമാസ്‌കസിൻ്റെ പ്രാന്തപ്രദേശമായ മാസെയിലും മറ്റൊന്ന് തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ഖുദ്‌സയയിലുമാണ് സ്ഥിതി ചെയ്യുന്നത്. ലെബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിലെ കമാൻഡർമാരും സിറിയ ആസ്ഥാനമായുള്ള ഇറാൻ്റെ റെവല്യൂഷണറി ഗാർഡുകളും മസെയിൽ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുൾപ്പെടെയുള്ള പലസ്തീൻ വിഭാഗങ്ങളുടെ നേതാക്കളെ പാർപ്പിക്കാനായി മസെയിലെ ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും ഇസ്രായേൽ ദമാസ്കസിൽ ആക്രമണം നടത്തിയിരുന്നു. അന്ന് സയീദ സൈനബ് ജില്ലയിലുള്ള കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post