കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ നാലര മാസത്തിനിടെ 3367 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 30 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ കൂടുകയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
മഞ്ഞപ്പിത്തം ബാധിക്കുന്നവരില്‍ രോഗം ഏറെ സങ്കീര്‍ണമാകുന്നുവെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നു.പൊതുവേ കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ശ്വാസകോശത്തിനെയാണ് ബാധിക്കുന്നത്. കൂടാതെ വൃക്കകളെയും ബാധിക്കുന്നുണ്ട് കോവിഡിന് ശേഷമാണ് രോഗം കരളിനെക്കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗികള്‍ കൂടുതലുള്ളത്. നവംബര്‍ മാസത്തില്‍ മാത്രം കോഴിക്കോട് 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് 107 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയില്‍ മാത്രം 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വേണം ജാഗ്രത
മഞ്ഞപ്പിത്തം പ്രധാനമായും മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം.
സൂക്ഷിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്ന രോഗമാണ് മഞ്ഞപ്പിത്തം. അതിനാല്‍, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വീട്ടില്‍പോലും തിളപ്പിച്ചാറ്റിയ വെള്ളം, വാട്ടര്‍ പ്യൂരിഫയറില്‍ നിന്നുള്ള വെള്ളം എന്നിവ മാത്രം ഉപയോഗിക്കണം. പുറത്തുനിന്നുള്ള വെള്ളം കുടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.
Discussion about this post