ലക്‌നൗ : മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് തീ പിടിത്തം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത് എന്ന് അധികൃതർ അറിയിച്ചു.
ഝാൻസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജിലെ എൻഐസിയുവിലുണ്ടായ അപകടത്തിൽ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി .
Discussion about this post