ന്യൂഡൽഹി: ഇന്ത്യക്കാരായ പൗരന്മാർ ഏറെയുള്ള വിദേശരാജ്യമാണ് അമേരിക്ക. ജോലിസംബന്ധമായും വിദ്യാഭ്യാസത്തിനായും ഒട്ടേറപേർ അമേരിക്കയിലെത്തുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്താൻ 20 മണിക്കൂറിലധികമാണ് ഈവശ്യമായി വരുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ക്ലേശമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ യാത്രാസമയം ഒരു മണിക്കൂറിൽ താഴെയായി കുറഞ്ഞാലോ? എന്താ അമേരിക്ക ഇങ്ങോട്ട് വരുമോ എന്ന് ചോദിക്കാൻ വരട്ടെ. അധികം വെകാതെ അത് സാധ്യമാകും. ശതകോടീശ്വരനായ ഇലോൺ മസ്‌കാണ് ഈ സ്വപ്‌ന പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം.
തന്റെ കമ്പനിയായ സ്പേസ് എക്സ് റെക്കോർഡ് സമയത്തിനുള്ളിൽ യാത്രക്കാരെ പ്രധാന നഗരങ്ങളിൽ എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് മസ്‌ക് പറഞ്ഞു. നവംബർ 6-ന് എക്സിൽ ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോയോട് പ്രതികരിക്കവെയായിരുന്നു മസ്‌കിന്റെ ഈ ഗംഭീര അവകാശവാദം.
ട്രംപിന്റെ ഭരണകാലത്ത് ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് എർത്ത്-ടു-എർത്ത് ഫ്‌ലൈറ്റുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) അംഗീകാരം ലഭിച്ചേക്കുമെന്നായിരുന്നു ഉപയോക്താവ് പറഞ്ഞത്. ഇതിന് മറുപടിയായി ‘ഏറ്റവും ദൈർഘ്യമേറിയ യാത്രകൾ 30 മിനിറ്റിനുള്ളിൽ. ഭൂമിയിലെവിടെയും ഒരു മണിക്കൂറിനുള്ളിൽ. ഇപ്പോൾ ഇത് സാധ്യമാണെന്ന് സ്പേസ് എക്സിന്റെ സാങ്കേതികവിദ്യയുടെ സാധ്യതകളടങ്ങിയ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് മസ്‌ക് പറഞ്ഞു. നിരവധി ഉപയോക്താക്കളാണ് മസ്‌കിന്റെ പ്രതികരണത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
1000 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്ര സംവിധാനമാണ് സ്റ്റാർഷിപ്പെന്നാണ് റിപ്പോർട്ടുകൾ. ഭ്രമണപഥത്തലൂടെ ഭൂമിക്ക് സമാന്തരമായിട്ടായിരിക്കും സ്റ്റാർഷിപ്പിന്റെ യാത്ര. യാത്ര സമയമാണ് ഈ സംവിധാനത്തിന്റെ പ്രധാന ആകർഷണം. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് വെറും 30 മിനിറ്റിലും ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് വെറും 29 മിനിറ്റിലും എത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post