ന്യൂഡൽഹി: പ്രതിരോധ രംഗത്ത് പുത്തൻ കുതിപ്പുമായി ഭാരതം. പുതിയ ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്നലെ രാത്രിയോടെയായിരുന്നു പരീക്ഷണം. ദീർഘ ദൂര ഹൈപ്പർ സോണിക് മിസൈലാണ് പരീക്ഷിച്ചത്.
ലക്ഷ്യം കൃത്യമായി ഭേദിച്ചാണ് മിസൈൽ കരുത്ത് തെളിയിച്ചത്. പരീക്ഷണ വേളയിൽ ഷിപ് സ്റ്റേഷനുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങളിൽ നിന്നാണ് മിസൈൽ പരീക്ഷണം വിജയിച്ചതായി സ്ഥിരീകരിച്ചത്.
ഡിആർഡിഒയാണ് ഈ പുതിയ മിസൈലിന്റെ നിർമ്മാതാക്കൾ. ഡിആർഡിഒയുടെ വിവിധ ലബോറട്ടറികളുമായി സഹകരിച്ച് ഹൈദരാബാദിലെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്‌സിൽ ആയിരുന്നു ഈ മിസൈലുകളുടെ നിർമ്മാണം. വിവിധ പേ ലോഡുകൾ വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്. ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയിൽ ഈ മിസൈലിന് സഞ്ചരിക്കാൻ കഴിയും എന്നാണ് അധികൃതർ പറയുന്നത്.
മണിക്കൂറിൽ 6,125 മുതൽ 24,140 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ മിസൈലുകൾക്ക് കഴിയും. ഇത്രയധികം വേഗതയുള്ളതിനാൽ ശത്രുക്കൾക്ക് ഈ മിസൈലുകളെ ലക്ഷ്യമിടുക ഏറെ ശ്രമകരമായിരിക്കും. ഏത് ഭൂപ്രദേശത്ത് നിന്നും ഈ മിസൈലുകൾ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇതൊരു ചരിത്ര നിമിഷം ആണെന്ന് മിസൈൽ പരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹൈപ്പർ സോണിക് മിസൈലുകൾ സ്വന്തമായി ഉള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുന്നു. ഇതുവഴി മികച്ച സൈനിക സാങ്കേതിക വിദ്യകൾ കൂടിയാണ് നാം സ്വന്തമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post