പാലക്കാട്: ബിജെപി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ വലിയ വിമർശകനായിരുന്ന സന്ദീപ് വാര്യരുടെ തുടർന്നുള്ള ഇടപെടലുകൾ എങ്ങനെയായിരിക്കുമെന്നാണ് ആളുകൾ ചർച്ചയാക്കുന്നത്. രാഹുൽ ഗാന്ധിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന സന്ദീപ്, ഇനി രാഹുൽ സ്തുതി പറയുന്നത് കേൾക്കാൻ നല്ല രസമായിരിക്കുമെന്ന് ആളുകൾ പരിഹസിക്കുന്നു. തങ്ങളുടെ നിശിതവിമർശകനായിരുന്ന സന്ദീപിനെ കോൺഗ്രസ് ഇനി ഏത് സ്ഥാനത്ത് ആണ് അവരോധിക്കുകയെന്നും ചർച്ചാവിഷയമാണ്. ഈ അവസരത്തിൽ സോഷ്യൽമീഡിയയിൽ സന്ദീപ് വാര്യരുടെ പാർട്ടി മാറ്റവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ചർച്ചയാവുകയാണ്. കാളിയമ്പി എന്ന പ്രൊഫൈലിലെ പോസ്റ്റാണ് ചർച്ചയാവുന്നത്.
ബിജെപിയിലെ ചില പ്രശ്നങ്ങൾ കാരണം ആ കക്ഷിയിൽ ഇനിയൊരു മുന്നോട്ട് പോക്ക് ഒരു രാഷ്ട്രീയ നേതാവ് എന്നുള്ള നിലയിൽ സാധ്യമല്ല. അതുകൊണ്ട് ദേശീയതയെ വരിക്കുന്ന ആദർശമുള്ള ഞാൻ മറ്റൊരു പ്രധാന ദേശീയ കക്ഷിയിലേക്ക് മാറുകയാണ്’ എന്നുപറഞ്ഞ് സന്ദീപ് വാര്യർ കക്ഷിമാറ്റം നടത്തിയിരുന്നെങ്കിൽ ഒരക്ഷരം മിണ്ടാതെ ആശംസകൾ നേർന്നേനേയെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ഒരു ആശയാടിസ്ഥാനവുമില്ലാതെ, ഒരു ആദർശനിഷ്ഠയുമില്ലാതെ അനാവശ്യമായ കപട വിമർശനങ്ങളും അരക്കഴഞ്ച് മര്യാദയില്ലാത്ത വർത്തമാനവുമായാണ് പുറത്തേക്ക് വന്നത്. മാന്യമായ ഒരു എക്സിറ്റ് ചെയ്യാതെ സ്വന്തം നാവാട്ടം കൊണ്ട് ചെന്നയിടത്തും അയാൾ സ്വന്തം കുഴി തോണ്ടിയത് കണ്ടിട്ടാണ് നേരിട്ട് പരിചയമില്ലെങ്കിലും ഒന്ന് രണ്ട് തവണ ഓൺലൈനിൽ പരിചയമുള്ള ആ മനുഷ്യന്റെ വീഴ്ചയിൽ അവന്റെ ആത്മാവിന്റെ നാശത്തിൽ വിഷമം തോന്നിയതെന്ന് അദ്ദേഹം കുറിച്ചു.
ഈ പാർട്ടിക്കുവേണ്ടി കുനിഞ്ഞ് നൂന്ന് ഒരു കല്ലെടുത്ത് വെച്ചിട്ടില്ലാത്ത എനിക്ക് ഇത് തോന്നുന്നുണ്ടെങ്കിൽ…ഈ പ്രസ്ഥാനത്തിന് വേണ്ടി അല്പമെങ്കിലും വിയർപ്പൊഴുക്കിയിട്ടുള്ളവർക്ക്, സംഘടനയ്ക്കും സംഘാടനത്തിനുമായി ജീവിതത്തിന്റെ ഒരംശമെങ്കിലും മാറ്റിവെച്ചിട്ടുള്ളവർക്ക്, മനസ്സറിഞ്ഞ് തൊണ്ടപൊട്ടി ”ഭാരതമാതാവ് ജയിക്കട്ടേയെന്ന്” ഒരു തെരുവിലെങ്കിലും നിന്ന് നാണം വെടിഞ്ഞ് മുദ്രാവാക്യം അലറിയിട്ടുള്ളവർക്ക് എന്താവും തോന്നുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സന്ദീപ് വാര്യർ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നല്ല കാര്യം.
പാർട്ടി മാറുന്നത് ഒരു പ്രശ്നമല്ല. ആർക്കും ഏത് പാർട്ടിയിലും- രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാത്തത് എന്ന് ബോധ്യമുള്ള ഏത് ആശയധാരയിലും- ചേർന്ന് പ്രവർത്തിക്കുന്നതിന് നമ്മൾ എതിരഭിപ്രായം പറയേണ്ട കാര്യമില്ല. സത്യം പറഞ്ഞാൽ കോൺഗ്രസ് പാർട്ടിയിൽ കുറച്ചുകൂടി ഉത്തരവാദിത്വബോധമുള്ള രാജ്യസ്നേഹമുള്ള ആൾക്കാർ ഉയർന്നുവരണമെന്നുള്ളത് കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി ഈ ജനാധിപത്യക്രമത്തെ നോക്കിക്കാണുന്നവർക്കെല്ലാം ആഗ്രഹമുള്ള കാര്യമാണ്. ഈ മാദ്ധ്യമത്തിൽത്തന്നെ പലതവണ അത് എഴുതിയിട്ടുമുണ്ട്.
പക്ഷേ അതിനു ശേഷമാണ് പാർട്ടി മാറിയതിന് സന്ദീപ് വാര്യർ പറഞ്ഞ കാരണങ്ങളും കഴിഞ്ഞ ദിവസത്തെ പ്രസംഗങ്ങളും ഷോയും എല്ലാം കാണാനിടയായത്. ഒരേസമയം അതീവ സങ്കടവും എന്നാൽ ചെറിയ ഒരു സന്തോഷവും തോന്നി.
സങ്കടം എന്തെന്നാൽ “ബിജെപിയിലെ ചില പ്രശ്നങ്ങൾ കാരണം ആ കക്ഷിയിൽ ഇനിയൊരു മുന്നോട്ട് പോക്ക് ഒരു രാഷ്ട്രീയ നേതാവ് എന്നുള്ള നിലയിൽ സാധ്യമല്ല. അതുകൊണ്ട് ദേശീയതയെ വരിക്കുന്ന ആദർശമുള്ള ഞാൻ മറ്റൊരു പ്രധാന ദേശീയ കക്ഷിയിലേക്ക് മാറുകയാണ്” എന്നുപറഞ്ഞ് സന്ദീപ് വാര്യർ കക്ഷിമാറ്റം നടത്തിയിരുന്നെങ്കിൽ ഒരക്ഷരം മിണ്ടാതെ ആശംസകൾ നേർന്നേനേ. എന്നാൽ ഒരു ആശയാടിസ്ഥാനവുമില്ലാതെ, ഒരു ആദർശനിഷ്ഠയുമില്ലാതെ അനാവശ്യമായ കപട വിമർശനങ്ങളും അരക്കഴഞ്ച് മര്യാദയില്ലാത്ത വർത്തമാനവുമായാണ് പുറത്തേക്ക് വന്നത്. മാന്യമായ ഒരു എക്സിറ്റ് ചെയ്യാതെ സ്വന്തം നാവാട്ടം കൊണ്ട് ചെന്നയിടത്തും അയാൾ സ്വന്തം കുഴി തോണ്ടിയത് കണ്ടിട്ടാണ് നേരിട്ട് പരിചയമില്ലെങ്കിലും ഒന്ന് രണ്ട് തവണ ഓൺലൈനിൽ പരിചയമുള്ള ആ മനുഷ്യന്റെ വീഴ്ചയിൽ അവൻ്റെ ആത്മാവിൻ്റെ നാശത്തിൽ* വിഷമം തോന്നിയത്.
എന്നാൽ സന്തോഷം തോന്നിയത് മറ്റൊരു കാരണത്താലാണ്.
കുറെ കാലങ്ങളായി ബിജെപിയോട് ഒരു വിരക്തിയുണ്ടായിരുന്നു. നേതാക്കന്മാർ അത്ര ശരിയല്ല, അണികൾക്കാണേൽ ബുദ്ധി പോര, മൊത്തത്തിൽ ഒരു അന്തം ലെവലാണ്, ചിലർ വെളുത്ത മുണ്ടിന് തടുക്കിടുന്നു, ചിലർ ഉറങ്ങാൻ കിടന്നപ്പോ പായ തന്നില്ല, സുരേന്ദ്രേട്ടൻ നടക്കുമ്പോൾ കാലനങ്ങുന്നു, മുരളിയേട്ടൻ ചിരിക്കുമ്പോൽ ചുണ്ടനങ്ങുന്നു തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ… കൊല്ലം ഭാഷയിൽ പറഞ്ഞാൽ ഊച്ചിക്കെറുവുകൾ ബിജെപിയോട് ഉണ്ടായിരുന്നു. നമ്മൾ കക്ഷി രാഷ്ട്രീയത്തിലില്ല, പകരം ആദർശം ഉള്ളിലേറ്റി ജീവിക്കുന്ന ഉള്ളി തൊടാത്ത പച്ചക്കറി വാദിയാണ് തുടങ്ങിയ എലീറ്റിസം തള്ളി പാവപ്പെട്ട ബിജെപി കാര്യകർത്താക്കളെ പുച്ഛിച്ച് കാലം കഴിച്ചു വരികയായിരുന്നു.
സന്ദീപ് വാര്യരുടെ വാഗ്ധോരണി കേട്ട ശേഷം ഒന്നുറപ്പിച്ചു. ആ കപട വിമർശനങ്ങളും അയാൾ ഉപയോഗിച്ച വാക്കുകളും ഇത്രയും മെനക്കെട്ട് ഭാജപാ എന്ന പ്രസ്ഥാനത്തിനെ നാണംകെടുത്താൻ അയാളുടെ കഴിഞ്ഞ കുറേ ആഴ്ചകളായുള്ള, തിരഞ്ഞെടുപ്പ് ദിവസം അടുക്കുന്നതും നോക്കി പ്ളാൻ ചെയ്ത് നടത്തിയ നെറികെട്ട ഇടപെടലുകളും കണ്ടപ്പോൾ ഒന്ന് തീരുമാനിച്ചു.
ഭാജപാ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഏത് വിധേനേയും എന്ത് വിലകൊടുത്തും നാം സംരക്ഷിക്കും. ഇത്രയും ആവേശത്തോട് കൂടി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് എനിക്ക് അടുത്തെങ്ങും തോന്നിയിട്ടില്ല. ഇത്രയും വാശിയോടെ അതിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കുമെന്ന് ഒരു കാലത്തും ചിന്ത വന്നിട്ടില്ല.
അത് ആദർശാടിസ്ഥാനത്തിൽ സംഘമെന്ന കുടുംബത്തിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ മാത്രമല്ല –
ഈ രാഷ്ട്രത്തിനെ സകല വശത്തു നിന്നുള്ള ആക്രമണങ്ങളിൽ നിന്നും
അയൺ ഡോം മാതിരി സംരക്ഷിക്കുന്ന മഹത്തായ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ…
ഉശിരൻമാരായ ചുണക്കുട്ടന്മാർ, ധീരരായ കാര്യകർത്താക്കൾ സ്വജീവനും ചോരയും നൽകി കാത്തുവെച്ച രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ…
ഈ ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിൻ്റെയും ഒക്കെ വൈതാളികന്മാരാൽ മുഗൾ ശരായിലെ റെയിൽവേ ട്രാക്കിൽ ഒരു അഞ്ചു രൂപ നോട്ടും കയ്യിൽ ഇറുക്കിപ്പിടിച്ച് ഒടിഞ്ഞ് തകർന്നു കിടന്ന ദീൻ ദയാൽ ഉപാധ്യായയുടെ ജീവനറ്റ ശരീരത്തിൻ്റെയും കാശ്മീരിലെ കൊടും തണുപ്പത്ത് പേരുപോലുമില്ലാത്ത ഒരിരുട്ട് മുറിയിൽ ഒരിറ്റ് ശ്വാസത്തിന് പിടഞ്ഞ് ജീവൻ വെടിഞ്ഞ ശ്യാമപ്രസാദ് മുഖർജിയുടെയും പാർട്ടി എന്ന നിലയിൽ…
ഇന്ന് ഭാരതത്തെ ഭാരതമായി നിലനിർത്താൻ ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന മഹാത്മാക്കളായ നേതാക്കൾ അത് നരേന്ദ്രമോദി ആയാലും എസ് ജയശങ്കർ ആയാലും നിർമ്മലാ സീതാരാമൻ നിതിൻ ഗഡ്കരിയായാലും കുമ്മനം രാജശേഖരൻ ആയാലും മുരളീധരനായാലും സുരേന്ദ്രനായാലും അണ്ണാമലയായാലും ശിവരാജ് സിംഗ് ചൗഹാൻ ആയാലും… അവരുടെയെല്ലാം സംഘടനയെന്ന നിലയിൽ…
ഇവിടെ കന്നിനൊപ്പം വെയിൽ വറ്റുവോളം വയലിൽ പൊരുതി നട്ടെല്ലൊടിഞ്ഞു തകർന്നുവീഴുന്ന കർഷകനും പുകയൂതിയൂതി ശ്വാസകോശങ്ങളിൽ കരിയടിഞ്ഞ് കാലം തികയാതെ ചത്തു പൊയ്ക്കൊണ്ടിരുന്ന അമ്മമാർക്കും 500 രൂപ ആശുപത്രിയിൽ കൊടുക്കേണ്ടി വന്നാൽ 5000 പേരോട് തെണ്ടി നടക്കേണ്ടി വന്നിരുന്ന ശരാശരി ജനഗണപരമ്പരക്കും വിദ്യുച്ഛക്തി എന്തെന്നറിയാതെ ഈ 21ആം നൂറ്റാണ്ടിൽ ജീവിക്കേണ്ടി വന്ന യുവത്വത്തിനും വയറ്റിൽ വെച്ച് തന്നെ കൊലചെയ്യപ്പെട്ട പെൺ ജീവിതങ്ങൾക്കും…
എന്തിന് ഒന്ന് തൂറാൻ കക്കൂസ് പോലുമില്ലാതിരുന്ന അവകാശസമ്പന്നനായ ഭരണഘടനാസംരക്ഷിതനായ ശരാശരി ആർഷഭാരതീയ പൗരനും എല്ലാം ജീവിതങ്ങളുണ്ട് ഏന്ന് തിരിച്ചറിഞ്ഞ ഒരേ ഒരു പാർട്ടിയാണ് ബി ജെ പി. 2014 മുതലിന്ന് വരെ ഈ നാട്ടിലുണ്ടായ മാറ്റം സുവർണ്ണ ലിപികളിൽ ഒരുകാലത്ത് ലോകം ചരിത്രമായി എഴുതും.
അതിനു വഴിയൊരുക്കിയ ഈ മഹാപ്രസ്ഥാനത്തിനോട് പൂർവാധികം കൂറും കരുത്തോടും കൂടി പ്രവർത്തിക്കാൻ ഈ കക്ഷിമാറ്റ നാടകത്തിലെ കപടത നമ്മെ പ്രേരിപ്പിക്കുന്നു. നമ്മെ ജാഗരൂഗരാക്കുന്നു.
ഈ പാർട്ടിക്കുവേണ്ടി കുനിഞ്ഞ് നൂന്ന് ഒരു കല്ലെടുത്ത് വെച്ചിട്ടില്ലാത്ത എനിക്ക് ഇത് തോന്നുന്നുണ്ടെങ്കിൽ…ഈ പ്രസ്ഥാനത്തിന് വേണ്ടി അല്പമെങ്കിലും വിയർപ്പൊഴുക്കിയിട്ടുള്ളവർക്ക്, സംഘടനയ്ക്കും സംഘാടനത്തിനുമായി ജീവിതത്തിൻ്റെ ഒരംശമെങ്കിലും മാറ്റിവെച്ചിട്ടുള്ളവർക്ക്, മനസ്സറിഞ്ഞ് തൊണ്ടപൊട്ടി “ഭാരതമാതാവ് ജയിക്കട്ടേയെന്ന്“ ഒരു തെരുവിലെങ്കിലും നിന്ന് നാണം വെടിഞ്ഞ് മുദ്രാവാക്യം അലറിയിട്ടുള്ളവർക്ക് എന്താവും തോന്നുക!
അതുകൊണ്ട് നമ്മൾ നിരാശപ്പെടേണ്ടതല്ല.
സന്തോഷിക്കേണ്ട സമയമാണിത്!
പാലക്കാട്ടേക്ക് നടക്കുക!
Discussion about this post