മുംബൈ: പൊതുവേദിയിൽ മാദ്ധ്യമ പ്രവർത്തകരെ അവഹേളിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മാദ്ധ്യമ പ്രവർത്തകരെല്ലാം അടിമകൾ ആണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അമരാവതിയിയിലെ ധമൻഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ അധിക്ഷേപ പരാമർശങ്ങൾ.
പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു രാഹുൽ നടത്തിയത്. ഇതിനിടെയായിരുന്നു മാദ്ധ്യമ പ്രവർത്തകരോടുള്ള അവഹേളനം. ഇന്ന് മാദ്ധ്യമങ്ങളെല്ലാം ഏകപക്ഷീയമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു. ഇന്ന് കാലത്ത് മാദ്ധ്യമ പ്രവർത്തകർ സത്യമല്ല എഴുതുന്നത്. മറിച്ച് കേന്ദ്രസർക്കാരിന്റെ അജണ്ടയാണ് ഇവർ നടപ്പാക്കുന്നത്.
ഒരു വർഷത്തിലേറെയായി, ഭരണഘടനാ പരിഷ്‌കാരങ്ങൾ, ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, 50% സംവരണം എന്ന പരിധി ലംഘിക്കൽ എന്നിവയ്ക്കായി ഞാൻ വാദിക്കുന്നു. ഈ വിഷങ്ങൾ ഉയർത്തിക്കാട്ടുന്നതിന് പകരം താൻ സംവരണത്തിന് എതിരാണ് എന്ന് പറയുകയാണ് പ്രധാനമന്ത്രി. ഒന്നുകിൽ അദ്ദേഹത്തിന് ഒർമ്മക്കുറവ് ആയിരിക്കും. അല്ലങ്കിൽ ബോധപൂർവ്വം സത്യം മറച്ചുവയ്ക്കുക ആയിരിക്കും. എന്നാൽ മാദ്ധ്യമങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. യാഥാർത്ഥ്യം മറച്ചുവെച്ചാണ് മാദ്ധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം. മാദ്ധ്യമങ്ങൾ അടിമകളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മാദ്ധ്യമ പ്രവർത്തകർക്ക് സ്വന്തം വയറ് നിറയ്ക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ശമ്പളം മാത്രം മതി. ഇതിനായി മുതലാളിമാരെ അനുസരിക്കേണ്ട ഗതികേടിലാണ് ഇവർ. ഇവർ അടിമകളാണ്. എനിക്ക് മാദ്ധ്യമ പ്രവർത്തകരെ ഇഷ്ടമാണ്. അവരുടെ സാഹചര്യമാണ് അവരെ അടിമകളെ പോലെ പ്രവർത്തിക്കാൻ ഇടയാക്കുന്നത് എന്നും രാഹുൽ പറഞ്ഞു.
ഈ സമയം രാഹുലിന്റെ പരിപാടി റിപ്പോർട്ട് ചെയ്യാൻ നിരവധി മാദ്ധ്യമ പ്രവർത്തകർ ആയിരുന്നു അവിടെ എത്തിയിരുന്നത്. പരാമർശം കേട്ട മാദ്ധ്യമ പ്രവർത്തകർ അപ്പോൾ തന്നെ തങ്ങളുടെ അതൃപ്തി പ്രകടമാക്കി. സംഭവത്തിൽ മാദ്ധ്യമ സംഘടനകളും രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post