അനേകായിരം രുചികരമായ ഭക്ഷ്യവിഭവങ്ങൾ കഴിക്കാൻ ഭാഗ്യം ചെയ്തവരാണ് മനുഷ്യകുലം. പ്രകൃതി ഒരുക്കിയ ജൈവവൈവിധ്യം തന്നെ അവൻ ഉപയോഗിച്ച് മനസ് നിറയും വരെ ആസ്വദിക്കുന്നു. പലതും കുറച്ചും കൂടുതലും ചേർത്തും ഓരോദിനവും പുതിയ വിഭവങ്ങൾ തയ്യാറാക്കുകയും അത് കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്നതിനോടൊപ്പം തന്നെ കുറച്ച് ശേഖരിക്കാനും മനുഷ്യൻ മറക്കാറില്ല. ഭക്ഷ്യവിഭവങ്ങൾ ക്ഷാമകാലത്തേക്ക് ശേഖരിക്കാനും അധികമുള്ളത് പിറ്റേദിവസമെങ്കിലും ഉപയോഗിക്കാനും മനുഷ്യൻ വ്യത്യസ്തമാർന്ന സൂക്ഷിക്കൻ മാർഗങ്ങളാണ് കൈക്കൊള്ളുന്നത്. ഇന്ന് റഫ്രിജറേറ്ററുകളും ഫ്രീസറുകളും പ്രിസർവേറ്റീവുകളും ലഭ്യമാകുന്ന കാലത്ത് ഇതെല്ലാം കുറച്ചുകൂടി എളുപ്പമാണ്. എന്നാൽ ഇതൊന്നും കണ്ടുപിടിച്ചില്ലാത്ത കാലത്തും മനുഷ്യൻ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ചു. നൂറുക്കണക്കിന് വർഷങ്ങൾ വരെ കേടുകൂടാതെ മൃതദേഹങ്ങൾ മമ്മിഫൈ ചെയ്ത് സൂക്ഷിക്കാൻ വരെ അന്നത്തെ കാലത്ത് മനുഷ്യന് സൂത്രവിദ്യകൾ ഉണ്ടായിരുന്നല്ലോ…
പണ്ടുകാലത്ത് മനുഷ്യൻ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ അവലംബിച്ചിരുന്ന രീതികൾ ഒന്ന് പരിചയപ്പെട്ടാലോ?
പണ്ട് കാലത്തേ മനുഷ്യൻ ഉപയോഗിച്ചിരുന്ന ഒന്നാണ് പാൽ. കാലിവളർത്തൽ ആരംഭിച്ച കാലത്തേ പാലിന് എന്തൊക്കെയോ കിടിലൻ ഗുണങ്ങളുണ്ടെന്ന് മനുഷ്യന് മനസിലായിരുന്നു. പാൽ പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള ഒരു പുരാതന റഷ്യൻ രീതി പിന്തുടർന്നിരുന്നു. ഒരു തവളയെ പാലിന്റെ ബക്കറ്റിൽ ഇട്ടുകൊണ്ടാണ് ഇത് അവലംബിച്ചിരുന്നത്യ റഷ്യൻ ബ്രൗൺ തവളയുടെ ചർമ്മത്തിൽ ആന്റിബയോട്ടിക് പദാർത്ഥങ്ങളുടെ സമ്പത്ത് കാരണമാണ് പാൽ കേട് കൂടാതെ ഇരിക്കുന്നത്. ഫ്രിഡ്ജ് ഒക്കെ കണ്ടുപിടിക്കുന്നതിന് മുമ്പ് ചില ഗ്രാമീണ മേഖലയിലെ റഷ്യക്കാർ പലപ്പോഴും ജീവനുള്ള തവളകളെ, സാധാരണയായി ബ്രൗൺ തവളകളെ (റാണ ടെമ്പോറേറിയ പോലുള്ള ഇനം) പാൽ പാത്രങ്ങളിൽ ജീവനോടെ ഇടാറുണ്ടായിരുന്നുവത്രെ,ഇത് പാലിന്റെ പുതുമ നിലനിർത്താൻ സഹായിച്ചിരുന്നു.
ചില തവളകൾ ഉൾപ്പെടെയുള്ള ഉഭയജീവികൾ അവയുടെ പരിസ്ഥിതിയിലെ രോഗകാരികൾക്കെതിരായ സ്വാഭാവിക പ്രതിരോധമെന്ന നിലയിൽ ആന്റിമൈക്രോബിയൽ സംയുക്തങ്ങൾ ചർമ്മത്തിലൂടെ സ്രവിക്കുന്നു. 2012-ൽ റഷ്യൻ ശാസ്ത്രജ്ഞനായ ആൽബർട്ട് ലെബെദേവും സംഘവും ഈ സ്രവങ്ങൾ പഠിക്കുകയും ബാക്ടീരിയയുടെ വളർച്ചയെ തടയുന്ന ആന്റിമൈക്രോബയൽ പെപ്‌റ്റൈഡുകൾ തിരിച്ചറിയുകയും ചെയ്തു. ഈ സംയുക്തങ്ങളിൽ ആൻറിബയോട്ടിക് ഫലങ്ങളുള്ള പെപ്‌റ്റൈഡുകളും ആൽക്കലോയിഡുകളും പോലുള്ള പ്രകൃതിദത്ത പദാർത്ഥങ്ങളും ഉൾപ്പെടുന്നു, ഇത് പാൽ കേടാകുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും.
Discussion about this post