ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്മിയെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ആണ് രാജിവച്ചത്. ഉച്ചയോടെയായിരുന്നു അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചുകൊണ്ട് അദ്ദേഹം ആംആദ്മി നാഷണൽ കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നൽകി രാജിക്കത്ത് പുറത്തുവന്നിട്ടുണ്ട്.
നേതൃത്വത്തിന്റെ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി വാഗ്ദാനങ്ങൾ പാർട്ടി ജനങ്ങൾക്ക് മുൻപിലേക്ക് വച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ പൂർത്തീകരിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ കൈലാഷിന് വലിയ അതൃപ്തി ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജി. ഇക്കാര്യം അദ്ദേഹം രാജിക്കത്തിലും ചൂണ്ടിക്കാട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ആംആദ്മി ജനങ്ങൾക്ക് നൽകിയിരുന്ന പ്രധാന വാഗ്ദാനം ആയിരുന്നു യമുന നദി ജല പ്രശ്‌നം പരിഹരിക്കും എന്നത്. എന്നാൽ ഈ വാഗ്ദാനം പൂർത്തീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി രാജിക്കത്തിൽ അദ്ദേഹം പറയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ യാതൊരു സഹകരണവും ഇല്ല. എപ്പോഴും തർക്കം ആയിരിക്കും. ഇത് ഡൽഹിയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു. സത്യം പറയുകയാണെങ്കിൽ ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രസർക്കാരുമായി തർക്കിക്കുന്നതിന് വേണ്ടിയാണ് സമയം വിനിയോഗിക്കുന്നത്. ഈ നില തുടർന്നാൽ ഡൽഹിയിൽ വികസനം സാദ്ധ്യമാകില്ല.
ജനങ്ങളോട് വാക്ക് പാലിക്കാത്ത പാർട്ടിയിൽ നിന്നും വിട്ട് നിൽക്കുന്നതാണ് നല്ലത്. അതല്ലാതെ യാതൊരു പോം വഴിയും കാണുന്നില്ല. അതുകൊണ്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
Discussion about this post