ഡല്‍ഹി: ജമ്മു കശ്മീരിലെ പാംപോറില്‍ നടത്തിയ ആക്രമണത്തില്‍ ലഷ്കര്‍ ഇ ത്വയിബയെ പിന്തുണച്ചും പ്രശംസിച്ചും പാക്കിസ്ഥാന് ഭീകരസംഘടന ജമാത്ത് ഉദ് ദവ. ഇന്ത്യയ്ക്കെതിരെ ഭീഷണികളുയര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ് ജമാഅത്ത് ഉദ്ദവയുടെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ തഹാ മുനീബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലഷ്കര്‍ ഇ ത്വയിബയെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. കശ്മീരിനെ ഉപേക്ഷിക്കൂ, ലഷ്കറിന്റെ കയ്യില്‍നിന്ന് നിങ്ങളുടെ ഭീരുക്കളായ സൈന്യത്തെ സംരക്ഷിക്കൂവെന്ന് മുനീബ് പറയുന്നു. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ലഷ്കറിനെ പരസ്യമായി പിന്തുണച്ച് ജമാത്ത് ഉദ് ദവ രംഗത്തെത്തുന്നത്.
കശ്മീരി മുജാഹിദ്ദീന്‍ ലഷ്കര്‍ ഇ ത്വയിബ ഇന്ത്യന്‍ സൈന്യത്തെ നരകത്തിലേക്ക് അയച്ചുവെന്ന് മുനീബ് ട്വിറ്ററില്‍ കുറിച്ചു. കശ്മീരിലെ വിട്ടുനല്‍കുക, അതാണ് നിങ്ങളുടെ യുവാക്കളായ ക്യാപ്റ്റന്മാരുടെ മരണം തടയാനുള്ള ഒരേയൊരു മാര്‍ഗം. കശ്മീര്‍ വിട്ടുനല്‍കാതെ സിഖുകാരെയും കശ്മീരികളെയും ജാട്ട് സമുദായക്കാരെയും കൊണ്ട് ഇന്ത്യയുടെ തകര്‍ച്ച തടയാമെന്ന് കരുതേണ്ടതില്ല.
എന്നാല്‍ പാംപോര്‍ ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ത്വയിബയാണെന്നതിനുള്ള തെളിവുകള്‍ എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിലൊളിച്ച മൂന്നു ഭീകരരെയും വധിച്ചതോടെ സൈന്യവും ഭീകരരും തമ്മില്‍ 48 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഇന്നലെ അവസാനിച്ചിരുന്നു.
ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഡിഐ) കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച സിആര്‍പിഎഫ് വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചത്. ക്യാപ്റ്റന്‍ പദവിയിലുള്ള രണ്ടു പേരടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായി. ഒരു നാട്ടുകാരനും മരിച്ചു.
Discussion about this post